തിരുവനന്തപുരം: സി.പി.എം പറയുന്ന മൂല്യങ്ങൾക്ക് പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിൽ പോലും സ്ഥാനമില്ലെന്നാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാക്കൾ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്. കമ്മ്യൂണിസ്റ്ര് ആശയങ്ങളുടെയും പാർട്ടിയുടെയും അപചയമാണ് ഇതിലൂടെ വെളിവാകുന്നത്. മയക്കുമരുന്നുകാരന് കൊടുക്കാൻ ബിനീഷ് കോടിയേരിക്ക് എവിടെ നിന്ന് 50ലക്ഷം രൂപ കിട്ടി എന്ന് വ്യക്തമാക്കണം. പാവപ്പെട്ടവന്റെയും തൊഴിലെടുക്കുന്നവന്റെയുമാണെന്ന് പറഞ്ഞ പാർട്ടിയുടെ നേതാക്കളുടെ മക്കൾ പാർട്ടിയെയും സർക്കാരിനെയും ഉപയോഗിച്ച് ബൂർഷ്വാ ജീവിതരീതി അവലംബിക്കുകയാണ്. അഴിമതി നിറഞ്ഞ കേരളത്തിലെ ഭരണം കള്ളക്കടത്തുകാർക്കും മയക്കുമരുന്നുലോബികൾക്കും താവളമൊരുക്കുന്നു. അഴിമതിയും കൊള്ളയും നടത്തുന്ന മക്കളുടെയും ബന്ധുക്കളുടെയും കൂട്ടാളികളുടെയും കാര്യത്തിൽ വേവലാതി പൂണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ തടയാൻ ശ്രമിക്കുന്നത്. ഇങ്ങനെയൊരു പാർട്ടി സെക്രട്ടറിയെ ചുമക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കുണ്ടോ എന്ന് സാധാരണ പാർട്ടിപ്രവർത്തകർ ആലോചിക്കണമെന്നും വി.മുരളീധരൻ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |