ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയും ഇ.ഡി ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം.അഭിഭാഷകരുമൊത്ത് ബംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ബിനോയ് കോടിയേരി അരമണിക്കൂറിലധികം കാത്തുനിന്നെങ്കിലും ബിനീഷിനെ കാണാൻ ഇ.ഡി ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ബിനീഷിനെ കാണാതെ പോകില്ലെന്ന് ബിനോയ് പറഞ്ഞതോടെയാണ് കൂടെയെത്തിയ അഭിഭാഷകരും ഇ.ഡി ഉദ്യോഗസ്ഥരും തമ്മിൽ തർക്കിച്ചത്. തുടർന്ന് ലോക്കൽ പൊലീസ് എത്തിയതോടെയാണ് ബിനോയ് കോടിയേരിയും അഭിഭാഷകരും മടങ്ങി പോയത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ളയാളെ പ്രതിയെ കാണാൻ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കാമെന്നും ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്ന് ഇടപാടു കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളിപ്പിച്ചുവെന്നും അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് ബിനീഷിനെതിരെ അനൂപ് മൊഴിനല്‍കിയെന്നും ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകൾ സംസ്ഥാന സർക്കാരിനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ആഗസ്റ്റ് 22നാണ് ലഹരി ഗുളികകളുമായി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് പിടിയിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനീഷിന്റെ ബിനാമിയാണ് ഇയാളെന്ന് കണ്ടെത്തിയത്.അനൂപിനെ വച്ചാണ് ബിനീഷ് ബംഗളുരുവിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകള്‍ നിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം അയച്ചിട്ടുണ്ട്.ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |