നീനയുടെ സ്വരത്തിന് നേരനുഭവത്തിന്റെ നോവ്
തിരുവനന്തപുരം: ആലുവ യു.സി കോളേജിനു സമീപമുള്ള കെട്ടിടത്തിന്റെ പടികൾ കയറി മുകൾ നിലയിൽ സിനിമാ ചർച്ചകൾക്കായി പോകുന്ന ചെറുപ്പക്കാർ താഴത്തെ നിലയിൽ നിന്ന് മധുരസ്വരത്തിൽ ഒഴുകിവരുന്ന പഴയ പാട്ടുകൾ കേൾക്കുമായിരുന്നു.
സ്ട്രോക്ക് വന്ന് വിശ്രമിക്കുന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ വേണുഗോപാലിനു വേണ്ടി ഭാര്യ നീനയാണ് പാടുന്നത്. സംസാര ശേഷി നഷ്ടപ്പെട്ട വേണുഗോപാൽ ഭാര്യയുടെ പാട്ടിനൊപ്പം മൂളും. മുകളിലെ സിനിമാ ചർച്ചക്കാർക്ക് നീന ചായയും പലഹാരങ്ങളും നൽകും. ഇതിനിടെ വേണു ഗോപാൽ മരിച്ചു.
ആ സിനിമാക്കൂട്ടത്തിലെ സഹോദരന്മാരായ ഷിനോസ് റഹ്‌മാനും ഷജാസ് റഹ്‌മാനും സിനിമ ചെയ്യാൻ തീരുമാനിച്ചു. സിനിമയുടെ കഥ കാച്ചിക്കുറുക്കിയതു പോലൊരു പാട്ടുണ്ട്. ആര് പാടണമെന്നായി ചർച്ച.
'കുമാരി അമ്മ നന്നായി പാടും' - ഷജാസും ഷിനോസും സംഗീത സംവിധായകൻ രാജേഷ് മുരുകേശനോടു പറഞ്ഞു. നീന റഹ്‌മാൻ ബ്രദേഴ്സിന് കുമാരി അമ്മയാണ്. രാജഷിന് നീനയെ അറിയാം. 'പ്രേമം' സിനിമയുടെ ഷൂട്ടിംഗ് നീനയുടെ തറവാടിനടുത്തായിരുന്നു. ആ സിനിമയുടെ ഗാനങ്ങളൊരുക്കിയതും രാജേഷായിരുന്നു.
2019 സെപ്‌റ്റംബർ. നീന സ്റ്റുഡിയോയിൽ. ആവശ്യത്തിന് സമയം രാജേഷ് അനുവദിച്ചു. കന്നിപ്പാട്ടുകാരിയുടെ ചങ്കിടിപ്പില്ലാതെ, 63വയസിന്റെ ഇടർച്ച ഇല്ലാതെ നീനയുടെ ആഴമുള്ള സ്വരം മാത്രം. ഓർക്കസ്ട്ര ഇല്ലാതെ ഒരു വിലാപം പോലെ ആ പാട്ട്..
''ആകാശം കടലാസാക്കീ...
ഭൂമി അതിലൊരു തൂലികയാക്കീ...
കടലിന്റെ മഷികൊണ്ട്...
നമ്മൾ എഴുതിയ കവിതകൾ...
ജീവിതമാക്കി...നമ്മൾ നാടകമാക്കീ...
മികച്ച സിനിമ, തിരക്കഥ, സ്വഭാവനടി എന്നീ സംസ്ഥാന അവാർഡുകൾ നേടി ഞെട്ടിച്ച വാസന്തി സിനിമയിലെ ഈ പാട്ട് കഴിഞ്ഞ ആഴ്ചയാണ് പുറത്തുവിട്ടത്.
പാട്ടുകേട്ടവരൊക്കെ ചോദിക്കുന്നു ആരാണ് ഈ ഗായിക?
മൂവാറ്റുപുഴക്കാരിയാണ് നീന. ഇരുപതാം വയസിൽ വേണുഗോപാലിനെ വിവാഹം കഴിച്ച് ആലുവയിയിലെത്തി. കുട്ടിക്കാലത്തേ റേഡിയോ പാട്ട് കമ്പമായി. പാട്ടുകൾ കാണാതെ പഠിച്ചു. വിവാഹശേഷം നീനയുടെ പാട്ടുകേട്ട ഭർത്തൃപിതാവ് കൃഷ്ണൻ നായർ പാട്ട് പഠിപ്പിക്കാനായി ഒരു ടീച്ചറെ വീട്ടിൽ വരുത്തി. ടീച്ചർ ജോലി കിട്ടിപോയതോടെ പാട്ട് പഠനം നിലച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ വേണുഗോപാൽ സ്ഥലം മാറി പോയിടത്തെല്ലാം നീനയും പോയി. രണ്ടു കുട്ടികളായി. അവരെ പാട്ടുപാടി ഉറക്കി. മക്കളായ വിഷ്ണുവും ഹരിയും കുടുംബസമേതം വിദേശത്താണ്. നീന ഒറ്റയ്‌ക്കാണ് താമസം. എങ്കിലും കൂട്ടായി സംഗീതമുണ്ട്...
''നല്ല സ്വരമാണ് കുമാരി അമ്മയുടേത്. ഒരു സിനിമ ഒരുക്കുമ്പോൾ അവരെ ഗായികയാക്കണമെന്ന് തീരുമാനിച്ചിരുന്നു''
- ഷിനോസ് റഹ്‌മാൻ, സംവിധായകൻ''
''എനിക്ക് മക്കളെ പോലെയാണ് ഷിനോസും ഷജാസും. അവരുടെ സിനിമയ്ക്ക് മൂന്നു അവാർഡുകൾ കിട്ടി. അതിലൊരു പാട്ട് പാടി. അതിന്റെ സന്തോഷം വിവരിക്കാൻ എനിക്കറിയില്ല''
- നീന വേണുഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |