കൊച്ചി: കിഫ്ബിയുടെ ഭരണഘടനാ അവകാശമില്ലാതാക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് വാത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിയിലെ ഓഡിറ്റ് നടത്താൻ സി.എ.ജി വേണ്ടെന്ന 2006ലെ യു.ഡി.എഫ് സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകണം. കിഫ്ബിക്കെതിരെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണ്. കരട് റിപ്പോർട്ടിന്റെ മറവിൽ സി.എ.ജി അസംബന്ധം എഴുന്നള്ളിച്ചാൽ തുറന്ന് കാണിക്കും. റിപ്പോർട്ടിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. കിഫ്ബി പദ്ധതികളിൽ ഏതിലാണ് അഴിമതിയെന്ന് കോൺഗ്രസും ബി.ജെ.പിയും പറയണം. സി.എ.ജിയുടെ കരട് റിപ്പോർട്ട് എന്നു മുതലാണ് പവിത്ര രേഖയായതെന്ന് ചെന്നിത്തലയും യു.ഡി.എഫും വ്യക്തമാക്കണം. ലാവ്ലിൻ കേസിൽ സി.എ.ജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം വച്ചാണ് ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായതെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്. ചെലവഴിച്ച തുകയ്ക്ക് ആനുപാതിക നേട്ടമുണ്ടായില്ലെന്നാണ് അന്തിമ റിപ്പോർട്ട്. ഇത് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ചിലർ മുതലെടുപ്പിന് ഉപയോഗിച്ചത് കരട് റിപ്പോർട്ടിലെ പരാമർശങ്ങളാണ്. ആ കളി ഇനി അനുവദിക്കാനാവില്ല.
സി.എ.ജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം രാഷ്ട്രീയ ആയുധമാക്കി ലാവ്ലിൻ കേസിൽ സി.പി.എമ്മിനെ വേട്ടയാടിയവരുടെ സാരോപദേശം കൈയിൽ വച്ചാൽ മതി. കരട് റിപ്പോർട്ട് പുറത്തുവന്നതിൽ അവകാശ ലംഘനമുണ്ടെങ്കിൽ അപ്പോൾ നോക്കാം. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയിൽ പതിഞ്ഞിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റും ഉപയോഗിച്ച് സൂത്രപ്പണികൾ നടത്തുന്നതു പോലെ സി.എ.ജിയെയും ഉപയോഗിക്കാമെന്ന ബി.ജെ.പിയുടെ നീക്കം കേരളത്തിൽ നടക്കില്ല. ആ പരിപ്പ് കേരളത്തിൽ വേവില്ല. ബി.ജെ.പിയുടെ ഭീഷണിയൊന്നും വേണ്ട. അതൊക്കെ വടക്കേ ഇന്ത്യയിൽ മതി. ഭരണഘടനാ സ്ഥാപനങ്ങൾ ഭരണഘടനയ്ക്കു വിധേയമായി പ്രവർത്തിക്കണം. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഓഫീസിൽ നിന്നുള്ള കൽപനകൾ ശിരസാവഹിക്കലല്ല അവരുടെ നിയോഗം. ബി.ജെ.പിയുടെ ഒരു ഉമ്മാക്കിക്കു മുന്നിലും കേരളം കീഴടങ്ങില്ല- ഐസക് പറഞ്ഞു.
തോമസ് ഐസക് മുടിയനായ
പുത്രനെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തെ കടത്തിലാക്കിയ മുടിയനായ പുത്രനാണ് മന്ത്രി തോമസ് ഐസക്കെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
.സ്വർണ്ണക്കടത്തും മയക്കുമരുന്നു കച്ചവടവും കാരണം മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് ഐസക്ക് കിഫ്ബി വിവാദം കുത്തിപ്പൊക്കുന്നത്. സി.എ.ജി. റിപ്പോർട്ട് ഇനിയും പുറത്തു വന്നിട്ടില്ല. അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻ നിയമസഭയുടെ അവകാശങ്ങൾ ലംഘിക്കാനും അദ്ദേഹം തയ്യാറായി. അവസാന റിപ്പോർട്ട് വരുന്നതിന് മുമ്പ് റിപ്പോർട്ട് ഇങ്ങനെയാകുമെന്ന് നിലവിളിക്കുന്നത് അഴിമതി നടത്തിയതിന്റെകുറ്റബോധം കൊണ്ടാണ്. കള്ളം ചെയ്തിട്ട് പിടിക്കപ്പെടുമ്പോൾ ഗൂഡാലോചന, അട്ടിമറി എന്നൊന്നും വിലപിച്ചിട്ട് കാര്യമില്ല. എല്ലാം സുതാര്യവും നിയമാനുസൃതവുമാണെങ്കിൽ എന്തിന് വെപ്രാളപ്പെടണം.കിഫ്ബിയിൽ 140 ഓളം പിൻവാതിൽ നിയമനങ്ങൾ നടന്നു.
അര ലക്ഷംമുതൽ മൂന്നരലക്ഷം വരെ മാസശമ്പളത്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പമെന്റ് വഴിയാണ് വേണ്ടപ്പെട്ടവരെ തിരികിക്കയറ്റിയത്. ലാവ്ലിൻ കേസിൽ സി.എ.ജിയുടെ കരട് റിപ്പോർട്ട് പുറത്തു കൊണ്ടു വന്നല്ലേ ചർച്ചയാക്കിയതെന്ന് ചോദിക്കുന്ന ഐസക് ലക്ഷ്യം വയ്ക്കുന്നത് പിണറായി വിജയനെയാണ്. ലാവ്ലിൻ കേസ് വീണ്ടും ചർച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് സംഘത്തിന് കിഫ്ബി
പദ്ധതികളിലും ബന്ധം: കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് സംഘത്തിന് കിഫ്ബിയുടെ പല പദ്ധതികളിലും ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിദേശത്ത് നിന്നു ഫണ്ട് വന്ന എല്ലാ ഇടപാടുകളിലുമുണ്ട് ഇവർക്ക് ബന്ധം. കിഫ്ബി കരാറുകളിൽ സുതാര്യതയില്ല. പാർട്ടിക്കും പണം ഉണ്ടാക്കാനുള്ള മറയായി കിഫ്ബിയെ ഉപയോഗപ്പെടുത്തുകയായിരുന്നു.
ഈ ആസൂത്രിത അഴിമതി ഏതെങ്കിലും ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ല. സി.എ.ജിയെ മന്ത്രി തോമസ് ഐസക്കും സർക്കാരും ഭയപ്പെടുകയാണ്. കിഫ്ബി കോടികൾ വായ്പ എടുക്കുന്നതിന്റെ ബാദ്ധ്യത ജനങ്ങളുടെ ചുമലിൽ തന്നെയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളല്ല, സി.എ.ജി യാണ് സംസ്ഥാനത്തിന്റെ പദ്ധതികൾ പരിശോധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ തോമസ് ഐസക് പറയുന്നത് ആരും കണക്ക് ചോദിക്കേണ്ടെന്നാണ്. പാവപ്പെട്ട പാർട്ടിക്കാരെ ഒഴിവാക്കിയാണ് കള്ളക്കടത്തു കേസിലും ഐസ്ക്രീം പാർലർ കേസിലും പ്രതികളായവരെ സി.പി.എം മത്സരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ജനറൽ സെക്രട്ടറി ബാലസോമൻ എന്നിവരും സംബന്ധിച്ചു.
കിഫ്ബിക്കൊപ്പം കിക്ക്ബാക്ക്
എന്ന് ചേർക്കണം: ഹസൻ
തിരുവനന്തപുരം: കിഫ്ബി പദ്ധതികളിലെല്ലാം അഴിമതിയുള്ളതിനാൽ കിഫ്ബിക്കൊപ്പം കിക്ക്ബാക്ക് എന്നുകൂടി എഴുതിച്ചേർക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.
കിഫ്ബിയിലെ അഴിമതി കണ്ടെത്തുന്നത് തടയിടാനാണ് മന്ത്രി തോമസ് ഐസക് സി.എ.ജിക്കെതിരെ ആരോപണവുമായി രംഗത്തിറങ്ങിയത്. ഭരണഘടനാവിരുദ്ധമായ വായ്പകൾ എടുക്കുന്നത് ചൂണ്ടിക്കാട്ടാൻ സി.എ.ജിക്ക് അവകാശമുണ്ട്.
നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പേ ഓഡിറ്റ് റിപ്പോർട്ട് ചോർത്തി പുറത്തുവിട്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ധനമന്ത്രിക്കെതിരെ യു.ഡി.എഫ് പരാതി നൽകും.
വികസന പദ്ധതികൾ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് നടത്തുന്ന ജനകീയ പ്രതിരോധം കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താനാണ്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ ചെയ്തത് രാഷ്ട്രീയപ്രേരിതമാണ്. സി.പി.എം എം.എൽ.എ പി.വി അൻവറിനെതിരെ മഞ്ചേരി പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി ഉത്തരവിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹസൻ പറഞ്ഞു.