പത്തനംതിട്ട: ബിഷപ്പ് കെ പി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകൾ കൈമാറണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന്റെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും നേരത്തെ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലീവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വന്നത്. ഗോസ്‌പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ് എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ മുപ്പതോളം പേപ്പർ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷം എഫ് സി ആർ ഐ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്കും അധികൃതർ നീങ്ങുമെന്ന് സൂചനയുണ്ട്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |