ബിജുമേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ സ്വന്തം കാര്യത്തിന് മാത്രം സിന്ദാബാദ് വിളിക്കുന്ന നേതാക്കന്മാരുടെയും അവരെ മണിയടിച്ച് ജീവിതം പാഴാക്കുന്ന അണികളുടെയും കഥയാണ് പറഞ്ഞത്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സീസണിൽ വെള്ളിമൂങ്ങ എന്ന സിനിമയുടെ പ്രസക്തിയേറുന്നു....
വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം വന്നതോടെ മുഴുവൻ വെളുക്കെ ചിരിച്ച് നില്ക്കുന്നസ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ഫ്ളെക്സുകളും നിറഞ്ഞ് കഴിഞ്ഞു.അയൽക്കാരനെ കണ്ടാലും പരിചിതഭാവം കാണിക്കാത്ത പലരും അപരിചിതരോട് പോലും വെളുക്കെ ചിരിക്കാനും തോളിൽ കയ്യിട്ട് കുശലം പറയാനും കാലിൽ വീണ് അനുഗ്രഹം വാങ്ങാനും മത്സരിക്കുന്നത് കാണുമ്പോൾ പലർക്കും വെള്ളിമൂങ്ങ എന്ന സിനിമ ഓർമ്മവരും. നിലപാടുകളില്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെ കാപട്യമോർത്ത് ചിരി വരും.
രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല, മിത്രങ്ങളും. ഇന്നത്തെ ശത്രു നാളെ മിത്രമാകാം. ഇന്നത്തെ മിത്രം നാളെ ശത്രുവുമാകാം.
ഇന്ന് ഹാരാർപ്പണം നടത്തുന്ന കഴുത്തിന് പിടിച്ച് നാളെ അനുചരവൃന്ദം തന്നെ ആട്ടിപ്പുറത്താക്കിയെന്ന് വരാം. ഇന്ന് ന്യായീകരിക്കുന്നവർ നാളെ തള്ളിപ്പറഞ്ഞെന്നും വരാം.
സ്വന്തം കാര്യം സിന്ദാബാദ്... അതാണ് രാഷ്ട്രീയത്തിലെ എക്കാലത്തെയും ഏറ്റവും വലിയ മുദ്രാവാക്യവും ആപ്തവാക്യവും.
ബിജുമേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ സ്വന്തം കാര്യത്തിന് മാത്രം സിന്ദാബാദ് വിളിക്കുന്ന നേതാക്കന്മാരുടെ നേട്ടമുള്ളത് കൊണ്ട് മാത്രം അതേറ്റ് വിളിക്കുന്ന അണികളുടെയും കഥയാണ് പറഞ്ഞത്.
വെള്ളിമൂങ്ങയിൽ ബിജുമേനോൻ അവതരിപ്പിച്ച മാമച്ചൻ സ്വന്തം കാര്യലാഭത്തിനായി സകല തരികിടകളും പയറ്റാനറിയുന്ന 'അസ്സൽ" നേതാവാണ്.
നാല്പതുകാരനായ മാമച്ചൻ അവിവാഹിതനാണ്. ഉത്തരേന്ത്യൻ പാർട്ടിയുടെ കേരള ഘടകം നേതാവായ മാമച്ചൻ ഡൽഹി സന്ദർശിച്ച് ഇലക്ഷന് മത്സരിക്കാൻ സീറ്റ് തരപ്പെടുത്തുന്നു. എന്നാൽ നിയമസഭയല്ല ലോക്സഭയാണ് തന്റെ ലക്ഷ്യമെന്ന് പാർട്ടിയംഗവും എതിരാളിയുമായ ഗോപി (കലാഭവൻ ഷാജോൺ) യെ വിശ്വസിപ്പിക്കുന്നു. തോൽക്കാനായാണ് മത്സരിക്കുന്നതെന്നും തന്റെ ലക്ഷ്യം ഡൽഹിയാണെന്നും പറയുന്ന മാമച്ചനെ വിശ്വസിച്ച് ഗോപി മാമച്ചനെ എങ്ങനെയും ജയിപ്പിക്കാനായി കൊണ്ടുപിടിച്ച് ശ്രമമാരംഭിക്കുന്നു.
തിരഞ്ഞെടുപ്പിൽ മാമച്ചൻ വിജയിച്ച് കഴിഞ്ഞ ശേഷമാണ് എല്ലാം മാമച്ചന്റെ കുതന്ത്രങ്ങളായിരുന്നുവെന്ന സത്യം ഗോപി മനസിലാക്കുന്നത്.
തന്റെ പഴയ കാമുകിയായ മോളിക്കുട്ടിയുടെ (ലെന) മകൾ ലിസ (നിക്കി ഗൽറാണി) യെ കല്യാണം കഴിക്കാനും മാമച്ചൻ ഒരു കുടിലതന്ത്രം പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്.കൈ നനയാതെ മീൻ പിടിക്കുന്ന രാഷ്ട്രീയക്കാരന്റെ കൗശലം രസകരമായി അവതരിപ്പിച്ച വെള്ളിമൂങ്ങയുടെ രചന നിർവഹിച്ചത് നവാഗതനായ ജോജി തോമസാണ്.
അജു വർഗീസ്, ടിനി ടോം, ആസിഫ് അലി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെ.പി.എ.സി ലളിത, സുനിൽ സുഖദ, വീണാ നായർ, സാജു നവോദയ, ശശി കലിംഗ, ചെമ്പിൽ അശോകൻ, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് വെള്ളിമൂങ്ങയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |