സുപർണ വിളിച്ചു പറഞ്ഞിരുന്നു. തിങ്കളാഴ്ച വാടകക്കാരൻ വരും. താക്കോൽ കൊടുക്കണം. അന്നും പിറ്റേന്നുമായി ഫർണീച്ചറും വീട്ടുസാധനങ്ങളും കൊണ്ടുവരും. ബുധനാഴ്ച ഒന്നാം തീയതിയാണ്. അന്ന് കുടുംബം താമസത്തിനെത്തും. നിതുന ഹൈറ്റ്സിലെ ഏഴാമത്തെ നിലയിലാണ് സുസ്മിതയുടെ അപ്പാർട്ട്മെന്റ്. ചേച്ചിയുടെ ഫ്ളാറ്റും പരിസരവും കണ്ടിഷ്ടപ്പെട്ടിട്ടാണ് അനിയത്തി സുപർണ അവിടെ ഫ്ലാറ്റ് വാങ്ങിയത്. അതേ ഫ്ളോറിൽ.
''അവരുടെ കൺസ്ട്രക്ഷൻ അത്ര നല്ലതൊന്നുമല്ല. സ്വമ്മിംഗ് പൂളും ജിമ്മും ഇല്ല.""
സജീവ് എതിരഭിപ്രായക്കാരനായിരുന്നു. എങ്കിലും ഭാര്യയുടെ നിർബന്ധത്തിന് അയാൾ വഴങ്ങുകയായിരുന്നു. ചേച്ചിയുടെയടുത്തുതന്നെ ഫ്ലാറ്റ് വേണം. കാഴ്ചവട്ടത്തിൽ താമസിക്കണം എന്നൊക്കെയുള്ള സുപർണയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു. ചേച്ചിയും അനിയത്തിയും കൂട്ടുകാരികളെപ്പോലെയാണ്. ഇരുവരും തമ്മിൽ മറയില്ല. പരസ്പരം ആശ്രയിക്കുന്ന ബലവും പ്രചോദനവുമാണ്.
പക്ഷേ, തൊട്ടുതൊട്ട ഫ്ലാറ്റുകളിൽ അധികകാലം അവർക്ക് താമസിക്കാനായില്ല. ആദ്യം സജീവ് ട്രാൻസ്ഫറായി. ഗൃഹോപകരണ കമ്പനിയുടെ മാർക്കറ്റിംഗ് മാനേജരാണ് അയാൾ. അയാൾക്ക് കോഴിക്കോടേയ്ക്കും പോവേണ്ടി വന്നപ്പോൾ സുപർണയും സ്ഥലമാറ്റത്തിന് അപേക്ഷ നൽകി. ബാങ്കിലാണ് അവൾക്ക് ജോലി. വൈകാതെ മാറ്റം കിട്ടി. സത്യത്തിൽ അവൾക്ക് സജീവിനൊപ്പം പോകാൻ താത്പര്യമില്ലായിരുന്നു. കൊച്ചിയിലെ ജീവിതവും ബാങ്കിലെ സൗഹൃദങ്ങളും ചേച്ചിയുടെ സാമീപ്യവും ഉപേക്ഷിക്കുന്നതിൽ വിഷമമുണ്ടായിരുന്നു.
പക്ഷേ, സജീവിന് തനിച്ച് ജീവിക്കാൻ വയ്യ. ആഴ്ചയിലൊരിക്കൽ വരാവുന്ന അകലം മാത്രമേയുള്ളൂവെങ്കിലും അയാൾക്ക് ഭാര്യയെന്നും ഒപ്പം വേണം. അവൾ ചേച്ചിയോട് അടക്കം പറഞ്ഞു.
''മഹാകൊതിയനാ, രാത്രി..."
സുസ്മിത മന്ദഹസിച്ചു.
ഒപ്പം ചെല്ലണമെന്ന നിർബന്ധത്തിന് പിന്നിൽ, മുഖ്യം, ശാരീരികഇച്ഛയാണെന്ന് അവൾക്കറിയാം. അവർക്കൊരു മകളുണ്ട്. മൂന്നുവയസ്. സുപർണയെക്കാൾ മൂന്നുവയസ് മുതിർന്നതാണ് സുസ്മിത. അനിയത്തിയുടെ കല്യാണത്തിന് രണ്ടുവർഷം മുൻപേയായിരുന്നു അവൾ വിവാഹിതയായത്. എന്നിട്ടും കാലമിത്ര കടന്നിട്ടും അവൾക്ക് അമ്മയാവാൻ കഴിഞ്ഞിട്ടില്ല. വിശ്വനാഥിന് വേവലാതിയോ മനോവിഷമമോ ഇല്ല. ഇന്നല്ലെങ്കിൽ നാളെ ഒരു കുഞ്ഞുണ്ടാവുമെന്ന വിശ്വാസം അയാൾ ഭാര്യയെ ചൂടിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഇനിയുമതൊരു വ്യാമോഹമാണെന്ന് തിരിച്ചറിഞ്ഞിട്ടും അവൾ ചികിത്സയെന്നോ വഴിപാടെന്നോ പറഞ്ഞ് ബുദ്ധിമുട്ടിച്ചില്ല. വിശ്വൻ ടാക്സ് പ്രാക്ടീഷണറാണ്. ധാരാളം കക്ഷികളുള്ള നല്ലൊരു സ്ഥാപനത്തിന്റെ അമരക്കാരൻ. കണക്കുകളുടെ കൂട്ടലും കിഴിക്കലും കഴിഞ്ഞ് അയാൾ മിക്ക ദിവസങ്ങളിലും വൈകിയാണ് വീട്ടിലെത്തുന്നത്. സായാഹ്നങ്ങളിലോ സന്ധ്യകളിലോ അയാൾ അവൾക്ക് കൂട്ടാവാറില്ല.
''സുമീ, ഞാൻ വൈകിയല്ലേ?""
എന്ന പതിവ് അഭിനയം കേട്ട് അവൾ മടുത്തു. അതുകൊണ്ടുതന്നെ അനിയത്തിയും മായമോളും അടുത്തുണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു. കോളിംഗ്ബെൽ കേട്ടു. സുപർണയുടെ വാടകക്കാരനായിരിക്കുമെന്ന് സുമിയ്ക്ക് തോന്നി. അലമാരയിൽ നിന്ന് ആ ഫ്ലാറ്റിന്റെ താക്കോലുമെടുത്താണ് അവൾ വാതിൽ തുറക്കാൻ ചെന്നത്. വിഷമം തോന്നി. അനിയത്തി സ്വപ്നം തീർത്ത ലോകത്ത് മറ്റൊരാൾ. വേറൊരു കുടുംബം. വാടകയ്ക്ക് കൊടുക്കുന്നില്ലെന്നായിരുന്നു ആദ്യത്തെ തീരുമാനം. പക്ഷേ, സജീവിന്റെ അടുത്ത സുഹൃത്തിന്റെ ഉപദേശമാണ് നിശ്ചയം മാറ്റാൻ കാരണമായത്.
നല്ല വാടകകിട്ടുന്നയിടമാണ്. വെറുതെ പൂട്ടിയിട്ട് നഷ്ടപ്പെടുത്തിയിട്ടെന്തുകാര്യം? ആൾ താമസിച്ചാലും ഇല്ലെങ്കിലും മാസന്തോറുമുള്ള മെയിന്റനൻസ് ചാർജ് അസോസിയേഷൻ നൽകണം. ഫ്ളാറ്റ് വാസത്തിലെ വലിയ ബാദ്ധ്യതയാണല്ലോ അത്. ന്യായമാണെന്ന് സജീവിന് തോന്നി. ആ തോന്നൽ അയാൾ സുപർണയെ വിശ്വസിപ്പിച്ചു. വാടകക്കാരനെ കണ്ടെത്തിയതും ആ കൂട്ടുകാരൻ തന്നെയായിരുന്നു. മനോഹരമായ വീടുകൾ വരയ്ക്കുകയും ഒരു നിർമ്മാണകമ്പനിയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ആർക്കിടെക്റ്റ്. വിവാഹിതൻ. മര്യാദക്കാരൻ. കുട്ടികളുണ്ടോ എന്ന് ചോദിച്ചില്ല. സുപർണ പറഞ്ഞതുമില്ല. അവൾ വാതിൽ തുറന്നു. പുറത്ത് പുഞ്ചിരിയോടെ അയാൾ. മുപ്പത് മുപ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന സുമുഖൻ. ശരാശരിയേക്കാൾ ഉയരെ. വെളുത്തനിറം.
''ശബരി""
അയാൾ സ്വയം പരിചയപ്പെടുത്തി.
സുപർണ പേര് പറഞ്ഞിരുന്നു. അയാളെ വീടിനുള്ളിലേക്ക് ക്ഷണിക്കാതെ ആതിഥേയ കുശലം പറയാതെ അവൾ താക്കോൽ നീട്ടി. കയറിയിരിക്കാൻ പറയുമെന്ന് അയാൾ പ്രതീക്ഷിച്ചതായി തോന്നി. അങ്ങനെയൊരു സ്വീകരണം തത്ക്കാലം ആവശ്യമുണ്ടെന്ന് അവൾ വിചാരിച്ചില്ല. വരട്ടെ താമസം തുടങ്ങട്ടെ, കുടുംബം എത്തട്ടെ. എന്നിട്ടാവാം കൂടുതൽ ബന്ധം. താക്കോൽ വാങ്ങാൻ തെല്ലു വൈകി. സുസ്മിതയുടെ അഴകിലേക്കും വടിവൊത്ത ശരീരത്തിലേക്കും അയാളുടെ നോട്ടം പാളി. പെട്ടെന്നാണ് നോട്ടം പിൻവലിച്ചത്. താക്കോലിനായി കൈ നീട്ടുമ്പോഴും അയാളുടെ കണ്ണുകളിൽ പെട്ടത് നിറം പുരട്ടിയ നഖങ്ങളുള്ള നീണ്ടവിരലുകളിലായിരുന്നു. കാഴ്ചയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഓർമ്മപ്പെടുത്തലെന്നോണം അവൾ താക്കോൽക്കൂട്ടം ഒന്നുകിലുക്കി. സ്ഥലകാലബോധം വീണ്ടെടുത്ത അയാൾ താക്കോൽ വാങ്ങി.
''വന്ന് വീട് തുറന്നു തരേണ്ടതായിരുന്നു.""
അയാൾ പരിഭവിച്ചു.
''അതെന്തിനാ? ""
''എല്ലാ ഉടമസ്ഥരും അങ്ങനെയാണ് ചെയ്തിട്ടുള്ളത്, എന്റയനുഭവത്തിൽ""
''ഞാൻ ഉടമസ്ഥയല്ലല്ലോ.""
അയാളുടെ മുഖം വിളറി. താക്കോലുമായി അയാൾ ഫ്ലാറ്റിലേക്ക് നടന്നു. ഈ വാതിൽക്കൽ നിന്നാൽ അയാൾ ആ വാതിൽ തുറക്കുന്നതും അകത്തുകയറുന്നതും വ്യക്തമായി കാണാം. പക്ഷേ, അവൾ അതിനായി കാത്തുനിന്നില്ല. തിരിഞ്ഞുനോക്കിയ അയാൾ കണ്ടത് വാതിലടയുന്നത് മാത്രമാണ്. സുമി ആലോചിച്ചു. സ്വന്തമായി വീടില്ലാത്ത ആർക്കിടെക്റ്റ്? വീട് നിർമ്മാണത്തിന്റെ മുഖ്യഘടകമാണ് അയാൾ. പ്ളാൻ വരയ്ക്കുന്നു. നിർമ്മാണത്തിൽ നേതൃത്വം നൽകുന്നു. വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന തമ്പുരാൻ. എന്നിട്ടും അയാൾക്കൊരു വീടില്ലേ! വാടകവീട്ടിൽ അന്തിയുറങ്ങേണ്ട അവസ്ഥ. സുപർണയോട് ചോദിക്കണം. കൂട്ടുകാരൻ കളിപ്പിച്ചതാണോ എന്നന്വേഷിക്കാൻ പറയണം. ചില നേരങ്ങളിൽ സജീവ് ഒരു മണ്ടനാണെന്ന് തോന്നിയിട്ടുണ്ട്. മണ്ടത്തരമോ അശ്രദ്ധയോ? അടുപ്പമുള്ളവർ പറയുന്നത് ചികയാതെ വിശ്വസിക്കും. മണി നാലാവുന്നതേയുള്ളൂ. അവൾ ബാങ്കിലായിരിക്കും. ഇപ്പോൾ ഫോൺ വിളിച്ച് ശല്യപ്പെടുത്തേണ്ട. മായമോളേ അടുത്തുള്ള ഒരു ഡേകെയറിൽ ആക്കിയിട്ടുണ്ട്. ബാങ്കിൽ നിന്നിറങ്ങുമ്പോൾ അവളെ വിളിക്കും. ഇവിടെ താമസിക്കുമ്പോഴും ഡേകെയറിൽ വിടുമായിരുന്നു. താൻ നോക്കിക്കൊള്ളാമെന്ന് ഏറ്റതാണ്. പക്ഷേ, സുപർണ സമ്മതിച്ചില്ല.
''ഓ... അതുവേണ്ട, ചേച്ചിക്ക് ഇടംവലം തിരിയാനാവില്ല.""
കൂടുതൽ നിർബന്ധിച്ചില്ല. തന്റെ താത്പര്യങ്ങൾ ആരിലും അടിച്ചേൽപ്പിക്കാൻ മുതിരാറില്ല. ബന്ധങ്ങളിൽ ശാഠ്യങ്ങൾ ചേക്കേറരുത്. അവൾ ചായയുണ്ടാക്കി കുടിച്ചു. ചിപ്സ് കൊറിച്ചു. കുറച്ചുനേരം ഫോണിലൂടെ പാട്ട് കേൾക്കാമെന്ന് വിചാരിച്ചു. ഇയർഫോൺ എടുക്കുമ്പോഴാണ് വീണ്ടും ഡോർബെൽ ശബ്ദിച്ചത്. തുറന്ന് നോക്കിയപ്പോൾ ശബരി. വീണ്ടും പുഞ്ചിരിയോടെ.
അയാളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. അടച്ചിട്ടിരുന്ന ഫ്ലാറ്റിനുള്ളിൽ നല്ല ചൂടുണ്ടാവും. ജനാലകളൊന്നും അയാൾ തുറന്നിട്ടുണ്ടാവില്ല.
''കുടിക്കാൻ അല്പം വെള്ളം.""
അപ്പോഴും കയറിയിരിക്കൂ എന്ന് പറയാതെയാണ് അവൾ അടുക്കളയിലേക്ക് നടന്നത്. ഫ്രിഡ്ജ് തുറന്ന് ഒരുകുപ്പി തണുത്തവെള്ളമെടുത്തു.വാതിൽക്കൽ കാത്തു നിന്ന അയാൾക്ക് കുപ്പി നീട്ടി. അത് ഫ്രിഡ്ജിൽ നിന്നെടുത്ത നന്നേ തണുത്ത വെള്ളമാണെന്ന് അയാൾ മനസിലാക്കി.
''തണുത്ത വെള്ളം""
അയാൾ ഉറപ്പുവരുത്താനായി ചോദിച്ചു.
അവൾ മൂളി.
''അയ്യോ ഞാൻ തണുത്തത് കുടിക്കില്ല""
ഒരിക്കൽ കൂടി അവൾക്ക് അടുക്കളയിലേക്ക് നടക്കേണ്ടിവന്നു. ഒരു ഗ്ലാസിൽ കൂടി വെള്ളം പകർന്നു. കോറിഡോറിൽ നിന്നുതന്നെ അയാൾ വെള്ളം കുടിച്ചു. ഗ്ലാസ് മടക്കി നൽകുമ്പോൾ നോട്ടം കൈവിരലുകളുടെ ചന്തത്തിൽ വീണ്ടും പതിഞ്ഞു. വെള്ളം കുടിക്കുമ്പോഴും അയാൾ ഒളികണ്ണാൽ അടിമുടി പരതുകയായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു. അയാളുടെ മുന്നിൽ നിൽക്കാൻ വിഷമം തോന്നി. സജീവ് ഇങ്ങനെയൊരാളെയാണല്ലോ പാർപ്പിക്കാൻ കണ്ടെത്തിയത് എന്ന അമർഷം വീണ്ടും ഉള്ളിൽ പുകഞ്ഞു. പക്ഷേ, അയാളെ അപമാനിക്കുന്നത് ശരിയല്ല. നികൃഷ്ട ജന്തുവായി പരിഗണിക്കാൻ പറ്റില്ല. അനിയത്തിയുടെ സ്വപ്നഗൃഹത്തിലെ വാടകക്കാരനാണ്. ഇനി പലകാര്യങ്ങൾക്കും ഇടപെടാനുള്ളതാണ്. വെറും ഒരയൽക്കാരനല്ല. അവൾ സംസാരിക്കാൻ തയ്യാറാവാത്തതുകൊണ്ട് അയാൾ പിന്തിരിഞ്ഞു. വെള്ളം കുടിക്കുക എന്നതിനപ്പുറം സൗഹൃദം സൃഷ്ടിക്കുകയായിരുന്നു അയാളുടെ ഉദ്യമം. അത് ഫലിച്ചില്ല. അയാൾ ഫ്ലാറ്റിനുള്ളിലേക്ക് കയറി. ഇരിക്കാൻ ഒരു കസേര പോലുമില്ല, ഇന്നുരാത്രിയിലോ നാളെ പ്രഭാതത്തിലോ എത്തിക്കാമെന്നാണ് കരാറുകാരൻ ഏറ്രിരിക്കുന്നത്. അതുവരെ ഇവിടെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല. സാധനങ്ങൾ കയറ്റിക്കഴിയുമ്പോൾ അവൾ വിളിക്കും. വണ്ടി ഇവിടെയെത്താൻ ഒരു മണിക്കൂർ ഓടണം. അപ്പോഴേക്ക് താൻ വന്നാൽ മതി. സത്യത്തിൽ ഇപ്പോൾ ഇവിടേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഫ്ലാറ്റ് നേരത്തേ കണ്ടുബോധിച്ചതാണ്. കട്ടിലിന്റെയും മേശയുടെയുമൊക്കെ സ്ഥാനം മനസിൽ കുറിച്ചതുമാണ്. അയാൾ നിലത്തിരുന്നു. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ടപ്പോൾ നല്ല കാറ്റ്, വേഗത്തിൽ ചൂട് കുറഞ്ഞു.തെല്ലുദൂരം കായൽ കാണാം. അയാൾ കണ്ണടച്ചു. അകക്കണ്ണിൽ ഒരു രൂപം തെളിഞ്ഞു. അയൽഫ്ലാറ്റിലെ അവൾ. ഈ ഫ്ലാറ്റിന്റെ ഉടമസ്ഥയുടെ ചേച്ചി. അവർക്ക് പ്രത്യേകമായ ആകർഷണീയത. നിർവചിക്കാനാവാത്ത വശ്യത. ഒറ്റനോട്ടത്തിൽതന്നെ അങ്ങനെ തോന്നിയതിന്റെ പൊരുൾ പിടികിട്ടുന്നില്ല. സുമി പാട്ടുകേട്ടിരിക്കുമ്പോഴാണ് സുപർണ വിളിച്ചത്.
''ചേച്ചീ അയാൾ വന്നോ? താക്കോൽ കൊടുത്തോ? ""
''വന്നു, കൊടുത്തു.""
ഉത്തരം നൽകുന്ന മട്ടിൽ മൂളി.
''ഞങ്ങളില്ലെങ്കിലും നല്ലൊരു ഫാമിലി അയലത്തുവരുമ്പോൾ ചേച്ചിക്ക് രസമാവും.""
''ഫാമിലിയോ? അയാൾ തനിച്ചാണല്ലോ? ""
സുപർണ പൊട്ടിച്ചിരിച്ചു.
''ഫാമിലി വരും, നാളെ അല്ലെങ്കിൽ അടുത്തദിവസം.""
സുമി അലസമായി മൂളി.
''ശരി ചേച്ചീ, ഞാൻ ബാങ്കിൽ നിന്നറങ്ങുവാ, രാത്രി വിളിക്കാം.""
അവൾ ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് സുമി ചോദിച്ചു.
''അയാൾ ആർക്കിടെക്ട് ആണെന്നല്ലേ പറഞ്ഞത്? ""
''അതേ...""
''സ്വന്തമായി വീടില്ലാത്ത ആർക്കിടെക്റ്റ്? ""
സുപർണ വീണ്ടും ചിരിച്ചു.
''അയാളുടെ നാട് തിരുവനന്തപുരത്താ. കൊച്ചിയിൽ കുറച്ചുകാലമേ ഉണ്ടാവൂ. അതല്ലേ വീട് കൊടുത്തത്. ഒഴിഞ്ഞുപോവാത്ത പ്രശ്നമൊന്നുമുണ്ടാവില്ല. വാടകയും കിട്ടും. ""
ഒന്നു നിറുത്തിയശേഷം അവൾ ചോദിച്ചു.
''ചേച്ചിക്കയാളെ ബോധിച്ചില്ലെന്നു തോന്നുന്നല്ലോ.""
''ഏയ് ഇല്ല, വെറുതേ ചോദിച്ചതാ.""
ഫോൺ സംഭാഷണം അവസാനിപ്പിച്ചു. വീണ്ടും ഡോർ ബെൽ.
''ശല്യം""
എന്ന് പിറുപിറുത്തുകൊണ്ട് അവൾ വാതിൽ തുറന്നു.
മുന്നിൽ ശബരി.
''ദാ, താക്കോൽ... ""
താക്കോൽ മടക്കിത്തരേണ്ടകാര്യമില്ലല്ലോ എന്ന മട്ടിൽ അവൾ അയാളെ നോക്കി.
അയാളുടെ വിരൽത്തുമ്പിലെ താക്കോൽ ഒരു കുലപൂക്കളായിമാറുന്നത് അവൾ വിസ്മയത്തോടെ കണ്ടു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |