തിരുവനന്തപുരം : രണ്ട് മന്ത്രിമാർ ബിനാമി പേരിൽ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി സ്വന്തമാക്കിയെന്ന കേരളകൗമുദി റിപ്പോർട്ട് വൻ കോളിളക്കമായി കത്തിപ്പടർന്നു. മന്ത്രിമാർക്കെതിരെ സർക്കാർ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, രണ്ട് മന്ത്രിമാർ 200 ഏക്കറോളം ഭൂമി സ്വന്തമാക്കിയതിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്.കണ്ണൂരിലെ ബിസിനസുകാരനെയും കൂട്ടാളിയെയും ബിനാമിയാക്കി സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് മന്ത്രിമാർ ഭൂമി സ്വന്തമാക്കിയതെന്നാണ് സൂചന.സെക്രട്ടേറിയറ്റിൽ വൻ സ്വാധീനമുള്ള ബിസിനസുകാരൻ കഴിഞ്ഞയാഴ്ചയും തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇദ്ദേഹത്തിനും അവിടെ വൻതോതിൽ ഭൂമിയുണ്ട്.
പൈനാപ്പിൾ, വാഴ കൃഷി
പൈനാപ്പിൾ, കശുമാവ്, നാണ്യവിളകൾ എന്നിവയാണ് കൃഷി. ഇരുനൂറിലേറെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. 35,000 വാഴയാണ് വിളവെടുത്തതെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തി. ബിസിനസുകാരനായ ബിനാമിയെ ഇ.ഡി ചോദ്യംചെയ്യും. സിന്ധുദുർഗ്ഗിലെ ഭൂമി രജിസ്ട്രേഷൻ വിവരങ്ങൾ ഇ.ഡി ശേഖരിക്കുകയാണ്. ആരോപണവിധേയനായ ഉദ്യോഗസ്ഥന് സ്വന്തം പേരിൽ അവിടെ അമ്പതേക്കറോളം ഭൂമിയുണ്ട്.
ബിനാമി ഭൂമിയില്ല: എ.വിജയരാഘവൻ
മലപ്പുറം: മഹാരാഷ്ട്രയിൽ ബിനാമി പേരിൽ രണ്ട് മന്ത്രിമാർ ഭൂമി വാങ്ങിയെന്ന വാർത്ത സി.പി.എം സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ നിഷേധിച്ചു. സ്വയംപ്രതിരോധത്തിനാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇതിൽ അന്വേഷണം ആവശ്യപ്പെടുന്നത്. ആരോപണം പാർട്ടി അന്വേഷിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ വിജയരാഘവൻ ഒഴിഞ്ഞുമാറി.
ഇടതു സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയ വിവരം കേരളകൗമുദിയാണ് കഴിഞ്ഞദിവസം പുറത്തുകൊണ്ടുവന്നത്.സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെയാണ് അന്വേഷണം. ഇതിൽ
ഒരു മന്ത്രി, ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു. കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്തേക്കും.സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷൻ വിവരങ്ങൾ ഇ.ഡി ശേഖരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |