വാഷിംഗ്ടൺ: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി നടന്നുകൊണ്ടിരിക്കുകയാണ്. ലോക നേതാക്കളെല്ലാം പങ്കെടുത്തെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉച്ചകോടി ഒഴിവാക്കി ഗോൾഫ് കളിയിൽ മുഴുകിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടിയാണ് ട്രംപ് ഒഴിവാക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് സമ്മേളനം നടക്കുന്നത്.ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കുമെന്ന് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
സമ്മേളനം നടന്നുകൊണ്ടിരുന്ന അതേസമയത്ത് തന്നെ ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. ഇതിന്റെ പേരിൽ ട്രംപിനെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്.
അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവി ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടെണ്ണലിലെ ക്രമക്കേടുകൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡൻ വിജയിച്ചതെന്നാണ് ട്രംപിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |