കാെല്ലം: പന്ത്രണ്ടു വർഷത്തോളം കിടപ്പിലായിരുന്ന അമ്മയുടെ വേദന കണ്ടു വളർന്ന മകൻ ആഘോഷ്, മനസ്സിൽ ഒരു വാശിയുടെ വിത്ത് പണ്ടേ നട്ടുനനച്ചു വളർത്തിയിരുന്നു: ഡോക്ടറാകണം; അമ്മയെ ചികിത്സിച്ചു ഭേദമാക്കണം.
വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഉറക്കമിളച്ചു പഠിച്ച ആഘോഷിന്റെ വാശി ഫലിച്ചു. ഇപ്പോൾ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ!
കൊട്ടാരക്കര തേവലപ്പുറം കൃഷ്ണാലയത്തിൽ എ. രാധാകൃഷ്ണന്റെയും മനോരമയുടെയും ഇളയ മകനാണ് ഇരുപതുകാരനായ മിടുമിടുക്കൻ. ആർത്രൈറ്റിസ് ബാധിച്ച മനോരമ പന്ത്രണ്ടു വർഷത്തെ ചികിത്സയ്ക്കു ശേഷം അടുത്തിടെയാണ് ഒരിക്കൽക്കൂടി 'പിച്ചവച്ച് ' നടന്നു തുടങ്ങിയത്. ആ തിരിച്ചുവരവിന്റെ ആഹ്ളാദത്തിനിടയിൽ ഇരട്ടി മധുരമായി ആഘോഷിന്റെ സ്വപ്ന സാഫല്യം. കിടപ്പിലായിരുന്നപ്പോൾ അമ്മയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ആഘോഷും മൂത്ത രണ്ടു സഹോദരിമാരുമാണ്. കഷ്ടപ്പാടുകൾക്കിടയിലും പഠനം മുടക്കിയില്ല.
തേവലപ്പുറം യു.പി സ്കൂളിലും പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസിലും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. പ്ളസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ്. ഡോക്ടറാകണമെന്ന ആഗ്രഹം ആഘോഷ് അച്ഛനോടു പറഞ്ഞു. സ്വകാര്യ ബസ് തൊഴിലാളിയായിരുന്ന രാധാകൃഷ്ണനു പക്ഷേ മകനെ എൻട്രൻസ് കോച്ചിംഗിനു വിടാൻ നിവൃത്തിയുണ്ടായിരുന്നില്ല. മനോരമയുടെ ചികിത്സാ ചെലവിനു തന്നെ പണം കണ്ടെത്താൻ ബുദ്ധിമുട്ട്.
പരിശീലനമില്ലാതെ ആഘോഷ് ആദ്യ തവണ നീറ്റ് എഴുതിയെങ്കിലും ഉയർന്ന റാങ്ക് കിട്ടിയില്ല. കഴിഞ്ഞ തവണ കുറഞ്ഞ ഫീസിൽ ആലപ്പുഴയിലെ ആൽഫാ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ചേർന്നു. പട്ടികജാതി വികസന വകുപ്പിൽ നിന്ന് 54,000 രൂപയോളം സ്കോളർഷിപ്പ് കിട്ടി. ഇത്തവണ കീം പരീക്ഷയിൽ എസ്.സി കാറ്റഗറിയിൽ 129ാം റാങ്ക്. പട്ടികജാതി വിഭാഗക്കാർക്ക് ഫീസില്ലെങ്കിലും പഠനത്തിനുള്ള മറ്റു ചെലവുകൾക്ക് പണം കണ്ടെത്തണം. അതിനുള്ള നെട്ടോട്ടത്തിലാണ് രാധാകൃഷ്ണൻ.
കൊവിഡിനിടെ സ്വകാര്യ ബസിലെ ജോലി നഷ്ടപ്പെട്ട രാധാകൃഷ്ണൻ ഇപ്പോൾ തൊഴിലുറപ്പ് പണിക്കു പോകുന്നു. ആറ് സെന്റ് ഭൂമിയും നെടുവത്തൂർ പഞ്ചായത്തിൽ നിന്നു ലഭിച്ച ചെറിയൊരു വീടുമാണ് സമ്പാദ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മൂന്നു മക്കളുടെയും പഠനം മുടങ്ങരുതെന്ന് രാധാകൃഷ്ണന് നിർബന്ധമുണ്ടായിരുന്നു. വിവാഹിതയായ മൂത്ത മകൾ അഖില എം.എസ്‌സി വരെ പഠിച്ചു. രണ്ടാമത്തെ മകൾ അനഘ കൃഷ്ണൻ ബി.ടെക് ബിരുദധാരി. ഇനി ആഘോഷിലാണ് കുടുംബത്തിന്റെ പ്രതീക്ഷയത്രയും.
നല്ല ചികിത്സ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ അമ്മയ്ക്ക് ഇത്രയും വർഷം കിടക്കയിൽ കഴിയേണ്ടിവരുമായുന്നില്ല. അതു മാത്രമായിരുന്നു മനസ്സിൽ. അച്ഛന്റെ കഷ്ടപ്പാടും അമ്മയുടെയും ചേച്ചിമാരുടെയും പ്രാർത്ഥനകളും ഫലം കണ്ടു. പണത്തിനപ്പുറം, മനുഷ്യത്വത്തിന് വില കല്പിക്കുന്ന ഡോക്ടറാകണം.
- ആർ. ആഘോഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |