ന്യൂഡൽഹി : ആസാം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ഗുവഹാത്തി മെഡിക്കൽ കോളേജിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളായെന്നും ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തെ സന്ദർശിച്ച ശേഷം ഇന്ന് രാവിലെ ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു. ഭൂരിഭാഗം അവയവങ്ങളുടെയും പ്രവർത്തനം നിലച്ച നിലയിലാണ്. ഇനി എല്ലാം ദൈവത്തിന്റെ കൈയ്യിലാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ദൈവത്തോട് പ്രാർത്ഥിക്കാമെന്നും ശർമ പറഞ്ഞിരുന്നു.
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നവംബർ 2നാണ് 86 കാരനായ തരുൺ ഗോഗോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2001 മുതൽ 2016 വരെ തുടർച്ചയായി മൂന്ന് തവണ ആസാം മുഖ്യമന്ത്രിയായ ഗോഗോയിയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഒക്ടോബർ 25ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഭാര്യ ഡോളി ഗോഗോയ്, മകൾ ചന്ദ്രിമ, മകനും കോൺഗ്രസ് എം പിയുമായ ഗൗരവ് എന്നിവരും ഗോഗോയിയുടെ തിരിച്ചുവരവിനായി ആശുപത്രിയിൽ പ്രാർത്ഥനയോടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |