കൊല്ലം: സ്വത്ത് കൈക്കലാക്കിയ ശേഷം മക്കൾ സംരക്ഷിക്കുന്നില്ലെന്ന അമ്മയുടെ പരാതിയിൽ മക്കൾക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച ഇരവിപുരം പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
സ്വന്തമായുള്ള 58 സെന്റ് സ്ഥലത്തിൽ 50 സെന്റ് രണ്ട് മക്കൾക്കായി എഴുതി നൽകിയിട്ടും അവർ സംരക്ഷിക്കുന്നില്ലെന്ന ഇരവിപുരം വാളത്തുംഗൽ സ്വദേശിനി സുമതി അമ്മയുടെ (80) പരാതിയിലാണ് നടപടി. മൂത്ത മകൻ പ്രതിമാസം 2000 രൂപ അമ്മയ്ക്ക് നൽകണമെന്നും രണ്ടാമത്തെ മകൻ അമ്മയെ സംരക്ഷിക്കണമെന്നും 2016 ഏപ്രിൽ 21 ന് കൊല്ലം മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.
എന്നാൽ മക്കൾക്ക് അനുകൂലമായ റിപ്പോർട്ടാണ് ഇരവിപുരം പൊലീസ് സ്വീകരിച്ചതെന്ന് കമ്മിഷൻ കണ്ടെത്തി. മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ് രണ്ടാഴ്ചക്കകം നടപ്പാക്കിയ ശേഷം ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ രേഖാമൂലം വിശദീകരണം സർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാ കുമാരി ഉത്തരവിട്ടു. ഇക്കാര്യത്തിൽ പൊലീസിനുണ്ടായ വീഴ്ച അന്വേഷിച്ച് നടപടി സ്വീകരിക്കാനും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.
ജില്ലാ സാമൂഹിക നീതി ഓഫീസർ, ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. സുമതി അമ്മയുടെ മൂത്ത മകൻ കശുവണ്ടി വ്യാപാരിയാണെന്നും രണ്ടാമത്തെ മകൻ ആഫ്രിക്കയിൽ തോട്ടണ്ടി ഇറക്കുമതി നടത്തുകയാണെന്നും സാമൂഹിക നീതി ഓഫീസർ അറിയിച്ചു. സ്വന്തമായുള്ള 8 സെന്റ് സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്ന സുമതി അമ്മയ്ക്ക് സഹോദരനാണ് ചെലവിനുള്ള പണം നൽകുന്നത്. കിടപ്പിലായ ഇവരെ പരിചരിക്കുന്നതും സംരക്ഷിക്കുന്നതും അയൽവാസിയായ സ്ത്രീയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ സാമൂഹിക നീതി ഓഫീസറുടെ റിപ്പോർട്ടാണ് വിശ്വാസയോഗ്യമെന്നും കമ്മിഷൻ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാത്ത ഇരവിപുരം പൊലീസിനെതിരെ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |