പതിനഞ്ച് വർഷമായി മലയാള സിനിമയിലടക്കം തെന്നിന്ത്യൻ ഭാഷകളിലെല്ലാം നായികപദവിയിൽ മംമ്ത മോഹൻദാസുണ്ട്. അഭിനയത്തിനൊപ്പം സംഗീതത്തെയും ഒരുപോലെ സ്‌നേഹിക്കുന്ന മംമ്‌ത ഇപ്പോൾ പുതിയ ചുവടുവയ‌്പ്പിലാണ്. ലോകമേ എന്ന സംഗീത ആൽബത്തിലൂടെ നിർമ്മാണ മേഖലയിലും താരമായി മാറിയിരിക്കുകയാണ് മംമ്ത മോഹൻദാസ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന നിലയിൽ ഇതിനോടകം തന്നെ 'ലോകമേ' ശ്രദ്ധനേടിക്കഴിഞ്ഞു. സിനിമയിലെ പതിനഞ്ച് വർഷവും മുന്നോട്ടുള്ള യാത്രയും മംമ്‌ത പങ്കുവയ‌്ക്കുന്നു.
'ലോകമേ' ആർക്കു നേരെയുള്ള വിമർശനമാണ്?
വിമർശനം എന്നതിലുപരി രാഷ്ട്രീയപരമായ ഒരു സന്ദേശം അതിലുണ്ട്. ഉള്ളടക്കം ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെയാണ് ലോകമേ ചെയ്യാൻ തീരുമാനിച്ചത്. ഏറെ ടാലന്റ് ഉള്ള പുതിയ കുറച്ചു ചെറുപ്പക്കാർക്ക് അവസരം ഒരുക്കാൻ കഴിഞ്ഞു എന്നതും സന്തോഷം നൽകുന്നതാണ്. ഇതിന്റെ സംവിധായകൻ ബാനി ചന്ദ് ബാബു വിഷ്യൽ എഫക്‌ട്സ് മേഖലയിൽ ഏറെ കാലത്തെ പരിചയ സമ്പന്നനാണ്. പാടിയ ഏകലവ്യൻ അടക്കം എല്ലാവരും മികച്ച ടാലന്റിന് ഉടമകളാണ്.
'ലോകമേ'യിൽ മോഹൻലാലും വരുന്നുണ്ടല്ലോ?
ദൃശ്യം-2ന്റെ ഷൂട്ടിനിടയിലാണ് ലാലേട്ടൻ ഞങ്ങൾക്ക് വേണ്ടി അത് ചെയ്‌തു തന്നത്. ലാലേട്ടനുമായിട്ട് കൂടുതൽ സിനിമകൾ ഞാൻ ചെയ‌്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് 'ലോകമേ'യുടെ കാര്യം പറയാൻ ചെറിയൊരു മടിയുണ്ടായിരുന്നു. മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല. പറയേണ്ട താമസമേയുണ്ടായിരുന്നുള്ളൂ, പൂർണസന്തോഷത്തോടെയാണ് അദ്ദേഹം ലോകമേയുടെ ഭാഗമായത്.
മയൂഖത്തിനും ഇന്ദിരയ്ക്കും 15 വർഷം?
15 വർഷം എന്നു പറയുന്നത് ഒരാളുടെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ്. ഈ സമയത്ത് വ്യക്തിപരമായി എന്തൊക്കെ മാറ്റങ്ങൾ എനിക്കു വന്നിട്ടുണ്ടോ അതെല്ലാം എന്റെ കഥാപാത്രങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. ഓരോ ദിവസവും പുലരുന്നത് നമ്മളെ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടാണേല്ലാ. കടന്നുവന്ന കാലഘട്ടത്തെ കുറിച്ചോർക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയാണ്.
സെലക്‌ടീവ് ആയി മാറിയോ മംമ്‌ത?
അതെ, ഇനിയങ്ങോട്ട് അങ്ങനെ തന്നെയാകും. സൗഹൃദങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ ചെയ്യേണ്ടി വന്നിരുന്നു. ആരോടും നോ പറയുന്ന സ്വഭാവം എനിക്കില്ല. പക്ഷേ, നിർമ്മാണ മേഖലയിൽ കൂടി കടന്നതോടെ തിരക്ക് കൂടിയിട്ടുണ്ട്. എന്തു കാര്യം ചെയ്താലും നൂറു ശതമാനവും ആത്മാർത്ഥതയോടെ ആയിരിക്കണം എന്ന നിർബന്ധം എനിക്കുണ്ട്. അതുകൊണ്ട് സെലക്ടീവ് ആകാതെ വേറെ വഴിയില്ല.
ഹരിഹരൻ എന്ന മാസ്‌റ്റർ?
ഹരിഹരൻ സാർ കാരണമാണ് മംമ്ത മോഹൻദാസ് സിനിമയിൽ എത്തിയത്. സിനിമ എന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചതും ഹരൻ സാറിന്റെ തീരുമാനം കൊണ്ടു തന്നെയാണ്. സിനിമയിൽ എത്തിപ്പെടുമെന്നോ, അഭിനയിക്കുമെന്നോ ഒരിക്കൽപോലും കരുതിയ ആളല്ല ഞാൻ. സംഗീതത്തിന് പ്രാധാന്യം നൽകി നല്ല സിനിമകൾ ഒരുക്കുന്ന സംവിധായകൻ, മയൂഖത്തിൽ എത്തിപ്പെടുമ്പോൾ ഹരൻ സാറിനെ കുറിച്ച് ഈ ചിത്രം മാത്രമായിരുന്നു മനസിൽ. പക്ഷേ അവിടെ നിന്നും നല്ല ഒരു മനുഷ്യനെ കൂടി ജീവിതത്തിൽ പരിചയപ്പെടാൻ കഴിയുകയായിരുന്നു. ഹരൻ സാറിന്റെ സിനിമയിലൂടെ വന്നതുകൊണ്ടുതന്നെയാണ് പിന്നീടുള്ള ഭാഗ്യങ്ങളെല്ലാം എന്നെ തേടി വന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
ആദ്യനായകൻ സൈജു കുറുപ്പ്?
പണ്ട് കോളേജിൽ നമ്മുടെ കൂടെ പഠിച്ച സുഹൃത്ത് എന്നൊക്കെ പറയില്ലേ, അതാണ് എനിക്ക് സൈജു. മയൂഖത്തിന്റെ സമയത്ത് ഞങ്ങൾ രണ്ടുപേരും മനസുകൊണ്ട് ചെറിയ കുട്ടികളായിരുന്നു. ഹരിഹരൻ സാറിന്റെ രണ്ടു കുട്ടികൾ. ആ സമയത്ത് എനിക്കും അവനും നല്ല പേടിയുണ്ടായിരുന്നു. സൈജുവിനായിരുന്നു ഹരിഹരൻ സാറിന്റെ ചീത്ത ഏറ്റവും കൂടുതൽ കിട്ടിയത്. ഞങ്ങളെ സ്വന്തം മക്കളെ പോലയാണ് ഹരൻ സാർ കണ്ടത്. അവന്റെ ഉണ്ട കണ്ണായിരുന്നു സാറിന് ഏറ്റവും കൂടുതൽ ഉപയോഗിക്കാനുണ്ടായിരുന്നത്.
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലാണ് കുറേക്കാലത്തിന് ശേഷം സൈജുമായിട്ട് വർക്ക് ചെയ‌്തത്. അപ്പോഴേക്കും അവന്റെ കരിയറിൽ വലിയൊരു ട്രാൻസ്‌ഫർമേഷൻ നടന്നുകഴിഞ്ഞിരുന്നു. സൈജു കുറുപ്പ് എന്ന നടനെ തിരിച്ചറിയാൻ പ്രേക്ഷകർക്ക് സമയം വേണ്ടിവന്നു എന്നതിൽ സംശയമില്ല. സൈജുവിന്റെയും എന്റെയും കാര്യം ചേർത്തു പറഞ്ഞാൽ, ഇപ്പോഴാണ് ഞങ്ങളുടെ കരിയറിലെ ഏറ്റവും നല്ല സമയം.
ദിലീപിനൊപ്പമുള്ള രസതന്ത്രം?
ദിലീപേട്ടനൊപ്പം ഈ പറയുന്ന രസതന്ത്രം സ്ക്രീനിൽ തീർച്ചയായുമുണ്ട്. മൈ ബോസിലൂടെ ജീത്തു ജോസഫ് എന്ന സംവിധായകൻ അത് കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായി ഞങ്ങളുടെ സ്വഭാവത്തിലെ വ്യത്യാസം അജഗജാന്തരമാണ്. അതുതന്നെയാണ് മൈ ബോസിലും പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അരികെ, പാസഞ്ചർ എന്നീ ചിത്രങ്ങളിലും ഞങ്ങളുടെ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഇഷ്‌ടമായി എന്നത് അന്നുംഇന്നും സന്തോഷം നൽകുന്ന കാര്യമാണ്.
ഗായിക കൂടിയായ നായിക?
സംഗീതം എന്നും എനിക്ക് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഹരൻ സാറിന്റെ സർഗത്തിലെ പാട്ടുകളാണ് ക്ളാസിക്കൽ സംഗീതവുമായി ഏറെ അടുപ്പിച്ചത്. അതുവരെ ഇംഗ്ളീഷ് റേഡിയോ പാട്ടുകളായിരുന്നു ഞാൻ കേട്ടിരുന്നത്. പിന്നീട് ദേവീശ്രീ പ്രസാദിനെ പോലുള്ള സംഗീത സംവിധായകരിലൂടെ സിനിമാ സംഗീതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും ഭാഗ്യമായി. അവസരങ്ങൾ നിരവധി പന്നീട് ലഭിച്ചെങ്കിലും ഒരു നടി എന്ന നിലയിൽ വേറെ സിനിമകളിൽ പിന്നണി പാടാൻ ചില ബുദ്ധിമുട്ടുകളുണ്ട്.
സിനിമാ സംഗീതം ഇന്ന് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനൊരു ലൈഫ് ഇല്ല എന്നുതന്നെ പറയാം. പക്ഷേ സംഗീതത്തിന് വേറിട്ട് നിൽക്കാൻ കഴിയും. സിനിമാ സംഗീതത്തിലേക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരുപാട് നല്ല ഗായകർ നമുക്കുണ്ട്. അവർക്ക് വേണ്ടി ഒരു സ്പേസ് ഒരുക്കുക എന്ന ലക്ഷ്യവും എന്റെ പ്രൊഡക്ഷൻ ഹൗസിനുണ്ട്.
നടി, ഗായിക, നിർമ്മാതാവ് കൈവച്ച മേഖലകളിലെല്ലാം വിജയം. പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?
നിഷ്‌കളങ്കമായ ഒരു മനസ് ഇപ്പോഴത്തെ കുട്ടികൾക്ക് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ എന്നോട് ഒരു സംവിധായകൻ ഏറെ വിഷമത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹം തന്റെ ചിത്രത്തിന് വേണ്ടി കാസ്‌റ്റിംഗ് കോൾ വിളിച്ചു. 12 വയസിനു താഴെയുള്ള പെൺകുട്ടികളെയായിരുന്നു അവർക്ക് വേണ്ടത്. പക്ഷേ തങ്ങൾ മുതിർന്നവരായി കഴിഞ്ഞു എന്ന് സ്ഥാപിക്കാനായിരുന്നു മിക്കവരുടെയും ശ്രമം. ഓവർ നൈറ്റ് സക്‌സസിന് ശ്രമിക്കുന്നവർക്കൊരിക്കലും ഇൻഡ്സ്‌ട്രിയിൽ വിജയം ഉണ്ടാകില്ല. നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെയാകാനാണ് ശ്രമിക്കേണ്ടത്. കഠിനാധ്വാനം കൊണ്ട് മാത്രമേ കരിയറിൽ വിജയിക്കാൻ കഴിയൂ. കുറുക്കുവഴി തേടി പോകുന്നവർക്ക് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. ആത്മാഭിമാനത്തെ ത്യജിക്കാൻ നമ്മുടെകുട്ടികൾ തയ്യാറാകരുത് എന്നേ എനിക്ക് പറയാനുള്ളൂ.
സോഷ്യൽ മീഡിയ പുതുതലമുറയെ വഴിതെറ്റിക്കുന്നുണ്ടോ?
അർഹിക്കുന്നതിന്റെ പതിന്മടങ്ങ് ലഭിക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയുടെ ഏറ്റവും മോശമായ വശം. ഇൻസ്‌റ്റഗ്രാമിൽ കൂടുതൽ ലൈക്ക് കിട്ടുന്നതിന് അധികം അദ്ധ്വാനിക്കേണ്ട കാര്യമില്ല. പക്ഷേ ജീവിതത്തിൽ വിജയിക്കണമെങ്കിൽ അത്യദ്ധ്വാനം ചെയ‌്തേ മതിയാകൂ. നമ്മളൊക്കെ ആയിരംമടങ്ങ് വർക്ക് ചെയ‌്തതിന് ശേഷമാണ് അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ സോഷ്യൽ മീഡിയിൽ പങ്കുവയ‌്ക്കുന്നത്. വീട്ടിൽ ഒരുപണിയും ഇല്ലാതിരിക്കുന്ന പിള്ളേരാണ് ഇൻസ്‌റ്റഗ്രാമിനും ഫേസ്ബുക്കിനും പിറകേ നടക്കുന്നത്. തലമുറകളുടെ വ്യത്യാസം ഇന്ന് ഒരുപാടുണ്ട്. കുട്ടികളെ കുട്ടികളായി തന്നെ വളർത്തണമെന്നാണ് എനിക്ക് ഇന്നത്തെ മാതാപിതാക്കളോടും പറയാനുള്ളത്. അതല്ലെങ്കിൽ അവർക്ക് നഷ്‌ടമാകുന്നത് സ്വന്തം ബാല്യമായിരിക്കും.
മലയാള സിനിമയിൽ മാറ്റങ്ങൾ വരേണ്ടതുണ്ട് എന്ന് തോന്നുന്നുണ്ടോ?
പലരീതിയിലും മാറ്റം വരേണ്ടതുണ്ട്. പരാതികളൊന്നും എനിക്കില്ല. പ്രതിഫല കാര്യങ്ങളിലടക്കം മാറ്റം വരേണ്ടതുണ്ടെന്ന കാര്യത്തിൽ ഒരുസംശയവുമില്ല. എത്ര ഹാർഡ്‌വർക്ക് ചെയ‌്താലും വളരാത്ത സാലറിയാണ് വനിതകൾക്ക് സിനിമയിൽ ലഭിക്കുന്നത്. നിർഭാഗ്യവശാൽ ലോകമെമ്പാടും അങ്ങനെയാണ്. അതല്ലാതെ ഏതെങ്കിലും സഹപ്രവർത്തകനെ കുറ്റാരോപിതനാക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവം എന്റെ സിനിമാഅനുഭവത്തിൽ ഉണ്ടായിട്ടില്ല.