പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിലെ കോൺഗ്രസ് സിറ്റിംഗ് മെമ്പർമാരും ദമ്പതികളുമായ എസ്. രാജേഷും എം. രജനിയും ഇത് ഹാട്രിക് ജയത്തിനുള്ള മത്സരം.രാജേഷ് പത്താം വാർഡിലും രജനി പതിനൊന്നാം വാർഡിലുമാണ് ജനവിധി തേടുന്നത്.
2010ലാണ് ഇരുവരും ആദ്യമായി ജനവിധി നേരിട്ടത്. തളിയാപറമ്പ് വാർഡിലായിരുന്നു രജനിയുടെ കന്നിയങ്കം. ഇടതു പക്ഷത്തിന് മുൻതൂക്കമുള്ള വാർഡിൽ സി.പി.എമ്മിലെ വനിതാ നേതാവിനെയാണ് പരാജയപ്പെടുത്തി. പാണാവള്ളി പഞ്ചായത്തിന്റെ ചരിത്രത്തിൽ യു.ഡി.എഫിന് ആദ്യമായി ഭൂരിപക്ഷം കിട്ടിയതോടെ രജനി പ്രസിഡന്റുമായി. പഞ്ചായത്തംഗങ്ങളായ ശേഷം പ്രണയത്തിലായ ഇരുവരും ജീവിതത്തിലും ഒന്നിച്ചു.
2015ലെ രണ്ടാമൂഴത്തിലും തളിയാപറമ്പിൽ വിജയം രജനിക്കായിരുന്നു. ശക്തമായ മത്സരത്തിലൂടെ സി.പി.എം സ്ഥാനാർത്ഥിയെ വീഴ്ത്തി. 2010ൽ കൈത്തറി വാർഡിൽ നിന്നാണ് രാജേഷ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. എ.ഐ.വൈ.എഫ് നേതാവിനെയാണ് പരാജയപ്പെടുത്തിയത്. 2015ൽ ശ്രീകണ്ഠേശ്വരം വാർഡിൽ ഡി.വൈ.എഫ്.ഐ നേതാവിനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാമത്തെ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |