ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യും
കൊച്ചി : വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ ചോദ്യംചെയ്യാൻ അഞ്ചു ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയിൽവിട്ടു. ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് അന്വേഷണസംഘം നൽകിയ ഹർജിയിൽ എറണാകുളം അഡി. സി.ജെ.എം കോടതിയാണ് അനുമതി നൽകിയത്. വിയ്യൂർ ജയിലിൽ കഴിയുന്ന സരിത്തിനെയും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനു പുറമേ, സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെയും കസ്റ്റംസിന് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. മൂവരെയും ഒരേസമയം ചോദ്യംചെയ്യാനാണ് നീക്കം.
യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവിയായിരുന്ന ഇൗജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഒമാനിലേക്ക് 1.30 കോടി രൂപയുടെ ഡോളറാണ് തിരുവനന്തപുരം എയർപോർട്ടുവഴി കടത്തിയത്. ഇതിനു താനും സരിത്തും ഒത്താശചെയ്തെന്ന് സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം എയർപോർട്ടിലെ ചെക്കിംഗ് ഒഴിവാക്കാൻ സ്വപ്നയും സരിത്തും ഖാലിദിനെ ഒമാനിലേക്ക് അനുഗമിച്ചിരുന്നു. അവിടെ നിന്ന് ഖാലിദ് കെയ്റോവിലേക്കും തങ്ങൾ ദുബായിലേക്കും പോയെന്നാണ് സ്വപ്നയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |