തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സർക്കാർ പദ്ധതികളെല്ലാം അദ്ദേഹം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര സർക്കാർ സി.എ.ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വലിയ അഴിമതി നടന്നതുകൊണ്ടാണ് കിഫ്ബിയുടെ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കരടിലില്ലാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയിൽ വയ്ക്കേണ്ട സി.എ.ജി റിപ്പോർട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കിൽ അത് സത്യപ്രതിജ്ഞാലംഘനമാണ്. കിഫ്ബി ഓഡിറ്റിംഗിൽ പ്രശ്നമില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞുതുള്ളുന്നത്. എം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജൻസികൾ വേണ്ടവിധം ചോദ്യം ചെയ്താൽ കേരളത്തിലെ പല അഴിമതികളും പുറത്തുവരും. സി.എ.ജിയുടെ ചോദ്യങ്ങൾക്ക് ഭരണഘടനാപരമായി മറുപടി നൽകുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാൽ റിപ്പോർട്ട് പൊളിച്ചുനോക്കി അത് രാഷ്ട്രീയ പ്രചാരണമാക്കുന്നത് അഴിമതി നടന്നതുകൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്രസർക്കാർ സി.എ.ജിയെ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ മാസം 50,000 കോടി രൂപ ദേശീയപാത വികസനത്തിന് നിതിൻ ഗഡ്കരി തന്നെന്നു പറഞ്ഞ പിണറായി ഇപ്പോൾ മാറ്റി പറയുന്നുത് ശരിയാണോ?. 8 മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്ന യു.പി.എ സർക്കാരിനേക്കാൾ കേരളത്തെ സഹായിക്കുന്നത് മോദി സർക്കാരാണെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. കേരളത്തിന്റെ വികസനത്തിന് എത്ര പണം കേന്ദ്രം തന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |