ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രാഷ്‌ട്രീയ നേതാക്കളും ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി അടക്കം താരങ്ങളും അക്കൗണ്ട് തുറന്നതോടെ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പെന്ന പേരിൽ അറിയപ്പെടുന്ന ടൂട്ടർ എന്ന പേരിലുള്ള സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമിന് പ്രചാരമേറി. കഴിഞ്ഞ ജൂണിലാണ് തെലങ്കാനയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനി ടൂട്ടർ അവതരിപ്പിച്ചത്.
ചിത്രങ്ങൾ, വീഡിയോ, ടെക്‌സ്റ്റ് സന്ദേശങ്ങൾ പങ്കുവയ്‌ക്കാവുന്ന ടൂട്ടർ കെട്ടിലും മട്ടിലും ട്വിറ്ററിന്റെ തനതു പകർപ്പാണ്. മറ്റൊരു ടൂട്ടർ അക്കൗണ്ടുള്ള ആളെ ഫോളോ ചെയ്യാനുമാകും. ട്വിറ്ററിലേതു പോലെ ഇമെയിൽ വിലാസമുപയോഗിച്ച് അക്കൗണ്ട് തുറക്കാം. ഗൂഗിൾ പ്ളേസ്റ്റോറിൽ മൊബൈൽ ആപ്പുംലഭ്യമാണ്. ട്വിറ്ററിൽ ട്വീറ്റ് എന്നതു പോലെ ടൂട്ടറിൽ ടൂട്ട് ചെയ്യുക എന്നാണ് പ്രയോഗം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്‌മൃതി ഇറാനി, ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി, ചലച്ചിത്രതാരം പ്രഭാസ്, ആത്മീയ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയ വ്യക്തികളും ഐ.എസ്.ആർ.ഒ, കരസേന സ്ഥാപനങ്ങളും കമ്പനികളും തുടങ്ങിയവയും അക്കൗണ്ട് തുറന്നതോടെ ടൂട്ടറിന് വൻ പ്രചാരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |