തിരുവനന്തപുരം: അറവുകത്തിയിൽ നിന്ന് കയറുപൊട്ടിച്ചോടിയ ഒരു പോത്തിനെ പിടിക്കാൻ ഒരു നാട് മൊത്തം പായുന്നതിലൂടെ മനുഷ്യന്റെ അഹന്തയും ആർത്തിയും ഹിംസയും പൈശാചികതയും അറവുകത്തിയേക്കാൾ മൂർച്ചയുള്ള ദൃശ്യഭാഷയിലൂടെ അവതരിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്" മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞടുക്കപ്പെട്ടു. അടുത്ത വർഷം ഏപ്രിൽ 25നാണ് അവാർഡ് പ്രഖ്യാപനം.
അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ ജല്ലിക്കട്ട് വിദേശ നിരൂപകരുടെയും ശ്രദ്ധ നേടിയിരുന്നു. മനുഷ്യ മനസുകളെ വ്യത്യസ്തമായി ആവിഷ്കകരിച്ച ചിത്രമെന്ന നിലയ്ക്കാണ് ജല്ലിക്കട്ട് തിരഞ്ഞെടുത്തതെന്ന് കമ്മിറ്റി ചെയർമാൻ രാഹുൽ റവാലി പറഞ്ഞു. ഗീതു മോഹൻദാസിന്റെ 'മൂത്തോൻ" ഉൾപ്പെടെ 27 ചിത്രങ്ങളെ പിന്തള്ളിയാണ് ജല്ലിക്കട്ട് എൻട്രി നേടിയത്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയാണ് സിനിമയ്ക്ക് ആധാരം. ഒരു മലയോര കുടിയേറ്റ ഗ്രാമത്തിൽ ഇറച്ചിവെട്ടുകാരൻ വർക്കി (ചെമ്പൻ വിനോദ്) കശാപ്പുചെയ്യാൻ കൊണ്ടു വന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അതിനെ പിടിക്കാനുള്ള ഗ്രാമീണരുടെ പരക്കം പാച്ചിലുമാണ് സിനിമയുടെ ഇതിവൃത്തം.
''രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായി ജല്ലിക്കട്ട് ഓസ്കാർ എൻട്രി കിട്ടിയതിൽ സന്തോഷം മാത്രം. ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം. തിരിച്ചറിവുകളാണ് എന്റെ സിനിമകൾ''
ലിജോ ജോസ് പെല്ലിശ്ശേരി, സംവിധായകൻ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |