തൃശൂർ: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിലാണ് ഇന്ത്യൻ ഫുട്ബാളിന്റെ കറുത്ത മുത്ത് ഐ. എം. വിജയൻ. തന്റെ ഫുട്ബാൾ ജീവിതത്തിൽ കളിക്കളത്തിൽ അല്ലെങ്കിലും മറഡോണയുമൊന്നിച്ചു പന്ത് തട്ടാൻ ലഭിച്ച അവസരം ഒരിക്കലും മനസ്സിൽ നിന്ന് മായില്ലെന്ന് വിജയൻ പറഞ്ഞു. കണ്ണൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് സ്റ്റേജിൽ വച്ച് ലോകഫുട്ബോളിന്റെ മാന്ത്രികനെ കണ്ടു അദ്ദേഹത്തോടൊപ്പം പന്ത് തട്ടിയത്. രണ്ടു മിനിറ്റ് മാത്രമേ അതുണ്ടായുള്ളു എങ്കിലും ലോകം ആരാധിക്കുന്ന ആ പ്രതിഭയെ വണങ്ങാൻ കഴിഞ്ഞത് ആത്മസാക്ഷാത്കാരമായാണ് കാണുന്നത്.
തികച്ചും അപ്രതീക്ഷിതമായ വേർപാടാണ് മാറഡോണയുടേത്. തനിക്ക് മാത്രമല്ല ലോകത്തെല്ലാവർക്കും ഏറെ ദുഃഖമുണ്ടാക്കുന്നതാണ് മരണവാർത്തയെന്നും 'കേരളകൗമുദി ഫ്ലാഷി"നോട് വിജയൻ പറഞ്ഞു. നേരത്തെ മറഡോണ ആശുപത്രിയിലാണെന്ന വാർത്ത കേട്ടപ്പോൾ അതിയായ വിഷമവും പിന്നീട് ആശുപത്രി വിട്ടപ്പോൾ സന്തോഷവും നൽകി. പക്ഷേ, ഇന്നലെ രാത്രി വളരെ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. കലാഭവൻ മണിയുടെ മരണവാർത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മാറഡോണയുടെ മരണവാർത്ത കേട്ടപ്പോഴും തോന്നിയതെന്നും ലോകത്തെ എല്ലാ ഫുട്ബോൾ പ്രേമികൾക്കും മറഡോണയുടെ മരണം തീരാനഷ്ടമാണെന്നും ഐ.എം. വിജയൻ പറഞ്ഞു.
താൻ ഒരിക്കലും അർജന്റീന ഫാൻ ആയിരുന്നില്ല. പക്ഷേ മറഡോണ ആണ് എന്നെ അതിലേക്ക് അടുപ്പിച്ചത്. അതിനു കാരണം 1986 ലെ മാറഡോണയുടെ കളി കണ്ടിട്ടാണെന്നും ഇപ്പോഴും അർജന്റീന ഫാനായി തുടരുന്നതിന് കാരണവും മറഡോണ തന്നെയാണെന്നും വിജയൻ പറഞ്ഞു. പ്രതിഭ ഉണ്ടെങ്കിൽ ഉയരക്കുറവ് ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച കളിക്കാരനാണ് മറഡോണ. കളിയുടെ ചില ശൈലികൾ അദ്ദേഹത്തിന് മാത്രം സാധിക്കുന്നവയാണെന്നും അതുകൊണ്ട് തന്നെ മറഡോണ കളിക്കുന്ന രീതി പരിശീലിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും വിജയൻ കൂട്ടിച്ചേർത്തു. നിരവധി ലോകകപ്പുകൾ നേരിട്ട് കാണാൻ സാധിച്ച വ്യക്തി കൂടിയാണ് വിജയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |