തിരുവനന്തപുരം: കുത്തകകൾക്ക് ബാങ്ക് തുടങ്ങാൻ അനുവാദം നൽകുന്ന നിയമ ഭേദഗതികൂടി പാസാക്കിയെടുത്ത് നരേന്ദ്ര മോദി ദുരിതകാലത്തെ ആഘോഷിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ഇതുവഴി രാജ്യത്തിന്റെ സമ്പത്ത് വീതിച്ചെടുക്കാൻ അംബാനിമാർക്കും അദാനിമാർക്കും അവസരം നൽകുകയാണ്. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംഘടിപ്പിച്ച തൊഴിലാളി സംഗമത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്കും കർഷകർക്കും എതിരായ ആറു കരിനിയമങ്ങൾ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. തെരുവുകൾ നിശബ്ദമാകില്ലെന്ന് മോദി കാണാൻപോകുന്ന നാളുകളാണ് വരുന്നത്. രാഷ്ട്രീയമായി ബി.ജെ.പിക്ക് ഏറ്റവും തിരിച്ചടിയുണ്ടാകാൻ പോകുന്ന തീരുമാനമാണ് കർഷക തൊഴിലാളി വിരുദ്ധ നിയമങ്ങൾ.
തൊഴിലാളികൾക്ക് അനുകൂലമായ ഒരു തീരുമാനം പോലും മോദി സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ല. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിനെ അനുവദിക്കുന്നില്ല. പണിയെടുക്കുന്നവരോട് നിശബ്ദരാകാനും വിധേയരാകാനുമാണ് കൽപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധമായ കാലത്ത് നിശ്ശബ്ദരായിരിക്കാൻ ഒരു ജനതയ്ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |