എന്റെ കൗമരകാലത്ത് ഞങ്ങളുടെ ഗ്രാമമായ വടക്കൻ പറവൂരിനടുത്തുള്ള പുയപ്പള്ളിയിൽ ഒരു പ്രൊഫഷണൽ ഫുട്ബാൾ കളിപോലും നടന്നിട്ടില്ല. സ്വന്തമായി ടിവിയില്ലാത്ത ഗ്രാമം. അവിടെ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ വായനശാലയുണ്ട്.1986ൽ ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് വായനശാലയിൽ ടിവി വാങ്ങി. ഗ്രാമത്തിലെ ആദ്യത്തെ ടിവി. ആ സമയത്ത് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. ഫുട്ബാളിനെക്കുറിച്ച് വലിയ വിവരമൊന്നുമില്ലാതിരുന്ന ഞാൻ ലോകകപ്പ് കഴിഞ്ഞതോടെ കാൽപ്പന്തുകളിയുടെ കടുത്ത ആരാധകനായി മാറിയെന്നതാണ് സത്യം.
വീടിൽ നിന്ന് കുറച്ചകലെയാണ് വായനാശാല. രാത്രി ഓടിക്കിതച്ച് അവിടെയെത്തുമ്പോൾ കളികാണുന്നവരുടെ തിരക്കായിരിക്കും.സമീപത്ത് കട്ടൻചായ ഉണ്ടാക്കിവച്ചിരിക്കും.
എന്റെ കൂട്ടുകാരുൾപ്പെടെ കളികാണാൻ എത്തിയവരിൽ ഭൂരിഭാഗവും ബ്രസീൽ ആരാധകരായിരുന്നു.
ആദ്യം കണ്ടത് ഇറ്റലിയുടെ കളിയായിരുന്നു. പിന്നീടാണ് മറഡോണയുടെ കളി കാണുന്നത്.
മൈതാനത്ത് അസാമാന്യ പന്തടക്കത്തോടെ കുതിക്കുന്ന മറഡോണയുടെ ഡ്രിബ്ലിംഗുകൾ ഞങ്ങളെ ത്രസിപ്പിച്ചു. ഗോളടിക്കൽ മാത്രമല്ല, സ്വന്തം ഹാഫിൽ നിന്ന് കുതിച്ചെത്തി സഹതാരങ്ങൾക്ക് കൈമാറിയ ഗോൾ അവസരങ്ങൾ, അതൊക്കെ ഇപ്പോഴുമുണ്ട് മനസിൽ. ഇംഗ്ലണ്ടുമായി കളി നടന്നപ്പോൾ 'ഇൻക്വിലാബ് സിന്ദാബാദ്! ഇംഗ്ലീഷുകാർ തുലയട്ടെ' എന്നാരോ ഉച്ചത്തിൽ വിളിച്ചു. ഞങ്ങളെല്ലാം ഏറ്റുവിളിച്ചു. ആ കളിയോടെ ബ്രസീൽ ആരാധകരെല്ലാം മറഡോണയുടെ ആരാധകരായിമാറി.
ജർമ്മനിയെ തോൽപ്പിച്ച് മറഡോണ ലോകകപ്പിൽ മുത്തമിട്ടപ്പോൾ നമ്മുടെ ചുണ്ടും കപ്പിൽ പതിഞ്ഞതുപോലെ.
90ലെ ലോകകപ്പും ആവേശത്തോടെ കണ്ടതാണ്. പക്ഷേ, അതേ എതിരാളികളോട് മറഡോണ തോൽക്കുന്നത് കണ്ട് കരഞ്ഞുപോയി. ബുധനാഴ്ച രാത്രി ഞാൻ ഉറങ്ങാൻ കിടന്നപ്പോഴാണ് മറഡോണ പോയി എന്ന് മകൻ ആരോമൽ വന്ന് പറഞ്ഞത് . പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. 86ലെയും 90ലെയും ലോക കപ്പുകളായിരുന്നു മനസിൽ. പിന്നീട് മെസിയും റൊണാൾഡോയുമൊക്കെ വന്നെങ്കിലും എന്റെ ഹീറോ അന്നും ഇന്നും മറഡോണ മാത്രാമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |