ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിലേയ്ക്കുള്ള മടങ്ങിവരവിനായി പേടകത്തിൽ കയറി. ശുഭാംശുവിനെ കൂടാതെ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്‌കിവിസ്നിയേവ്സ്‌കി, ടിബോർ കപു എന്നിവരും പേടകത്തിൽ കയറി. വൈകുന്നേരം 4:30ന് ഓർബിറ്റിൽ നിന്നുള്ള അൺഡോക്കിംഗ് ആരംഭിക്കും.
ശുഭാംശു അടങ്ങുന്ന നാലംഗ സംഘവുമായി ആക്‌സിയം 4 ബഹിരാകാശ ദൗത്യം നാളെയാണ് ഭൂമിയിൽ തിരിച്ചെത്തുന്നത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നിന് യു.എസിൽ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിലാണ് ദൗത്യത്തിന് ഉപയോഗിച്ചിരിക്കുന്ന ക്രൂ ഡ്രാഗൺ ഗ്രേസ് പേടകത്തിന്റെ ലാൻഡിംഗ്. തുടർന്ന് യാത്രികരെ സ്‌പേസ് എക്‌സ് കപ്പലിൽ തീരത്തേയ്ക്ക് കൊണ്ടുപോകും. ശേഷം ഒരാഴ്‌ച വിശ്രമം. ജൂൺ 26നാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലും ശാസ്ത്ര ഗവേഷണത്തിലും ഇന്ത്യയുടെ പങ്ക് എടുത്തുകാണിക്കുന്ന ദൗത്യത്തിന്റെ തെളിവാണ് ശുക്ലയുടെ തിരിച്ചുവരവ്. ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ താമസത്തിനിടെ, ആക്സ് 4 സംഘം ജീവശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റീരിയൽ സയൻസ്, ആരോഗ്യം എന്നിവയിലായി 60ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി. ഇതിൽ സ്പ്രൗട്ട്സ് പ്രോജക്ട് ആണ് ശുഭാംശു ശുക്ലയുടെ പ്രധാന സംഭാവനകളിൽ ഒന്ന്. മൈക്രോഗ്രാവിറ്റി വിത്ത് മുളയ്ക്കുന്നതിനെയും ആദ്യകാല സസ്യവളർച്ചയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിച്ച പദ്ധതിയായിരുന്നു ഇത്. ഭാവിയിലെ ബഹിരാകാശ കൃഷിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗവേഷണമാണിത്. ഇതോടൊപ്പം ബഹിരാകാശത്ത് ഭക്ഷണം, ഓക്സിജൻ, ജൈവ ഇന്ധനങ്ങൾ എന്നിവ ഉത്പാദിപ്പിക്കാനുള്ള മൈക്രോ ആൽഗകളുടെ കഴിവ് വിലയിരുത്തി അദ്ദേഹം പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |