ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി മലയാളി യുവതി. തൃശൂർ സ്വദേശിനി സുനിതയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അവർ പരാതി നൽകിയിട്ടുണ്ട്. ഒരു മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസിനെക്കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർക്കും സുനിത പരാതി നൽകിയിട്ടുണ്ട്. 'എന്റെ അമ്മയെ കൊല്ലുന്നത് ഞാൻ കണ്ടു. ഞാനൊരു സാധാരണക്കാരിയാണ്. എനിക്കെന്ത് ചെയ്യാൻ പറ്റും. അമ്മയെ സംരക്ഷിച്ചവരാണ് അമ്മയെ കൊന്നത്. എനിക്ക് പേടിയായിരുന്നു. അമ്മ മുമ്പേ ഡി എൻ എ ടെസ്റ്റ് ചെയ്തതാണ്. എന്നെ അംഗീകരിച്ചിട്ടുള്ളതാണ്. സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ ഇരുന്നതാണ്. അന്ന് സെപ്തംബർ 22ന് അമ്മ പറഞ്ഞതുപോലെ ഞാൻ ചെന്നു. മരിച്ചനിലയിലാണ് ഞാൻ കണ്ടത്.
എന്റെ അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണം. ഞാൻ അമ്മയെ പോയി കാണാറും സംസാരിക്കാറുമൊക്കെയുണ്ടായിരുന്നു. അമ്മ സാമ്പത്തിക സഹായം തന്നിരുന്നു. സ്റ്റാഫ് വഴിയായിരുന്നു സഹായം എത്തിച്ചിരുന്നത്. 2024 ഓഗസ്റ്റ് വരെ എനിക്ക് സാമ്പത്തിക സഹായം ലഭിച്ചു. ജീവിക്കാനുള്ള പണം തരുമായിരുന്നു. തൃശൂർ സ്വദേശിനിയാണെങ്കിലും ഇപ്പോൾ വേറൊരു സ്ഥലത്താണ് താമസിക്കുന്നത്.'- സുനിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |