മൈതാനങ്ങളെ കളിഗണിതങ്ങൾക്കു
പിടികൊടുക്കാത്ത മാന്ത്രികചലനങ്ങൾ കൊണ്ട്
അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഡീഗോ.
ജീവിതത്തെ ഉന്മാദത്തിന്റെ ഉത്സവാഘോഷങ്ങളാക്കി
ആരാധകരുടെ നെഞ്ചിൽ വേദനയുടെ കനലായ ഡീഗോ
ഫുട്ബാളിനെ ലോകത്താകെ ജനകീയമാക്കുന്നതിലും ഇന്ന് 50 നും 65നും ഇടയിൽ പ്രായമുള്ള എന്റെ തലമുറയിൽപ്പെട്ടവരെ ഫുട്ബാൾ ഭ്രാന്തൻമാരാക്കിയതിലും മറഡോണയ്ക്ക് വലിയ പങ്കുണ്ട്. സാധാരണ ഭ്രാന്ത് വന്നാൽ നമുക്ക് ചികിത്സിച്ച് ഭേദമാക്കാം. പക്ഷേ മറഡോണയിലൂടെ ഫുട്ബാൾ ഭ്രാന്ത് പിടിപെട്ടുകഴിഞ്ഞാൽ അത് മരണംവരെ പിന്തുടരും.
കാണികളിൽ വൈകാരികമായ ഒരു ബന്ധം സൃഷ്ടിക്കാൻ മറഡോണയ്ക്ക് മാസ്മരികമായ പാടവമുണ്ട്. ഉദാഹരണത്തിന് 1994ൽ അമേരിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബാൾ 10 വയസുള്ള എന്റെ മകനും ഞാനും ഒന്നിച്ചിരുന്നാണ് കണ്ടത്. എന്റെ പാരമ്പര്യം പകർന്നതാണോയെന്ന് അറിയില്ല, മകനും കടുത്ത ഫുട്ബാൾ പ്രേമിയും മറഡോണ ആരാധകനുമാണ്. 1994ലെ ലോകകപ്പിലേക്ക് അർജന്റീന യോഗ്യത നേടില്ലെന്നൊരു സാഹചര്യം വന്നിരുന്നു. തുടർന്ന് മത്സരങ്ങളിൽ നിന്ന് മാറിനിന്ന മറഡോണയെ തിരിച്ചുകൊണ്ടുവന്ന് യോഗ്യതാമത്സരങ്ങളിൽ കളിപ്പിച്ചാണ് അർജന്റീന ലോകകപ്പിലെത്തിയത്.
അമേരിക്കയിൽ കളി തുടങ്ങി, ഗ്രീസിനെതിരായുള്ള കളി അർജന്റീന ജയിച്ചു. ഞാൻ ആ കളി കാണുന്നത് ഡൽഹിയിലെ ദേശാഭിമാനിയുടെ ഓഫീസിലാണ്. എന്നെപ്പോലുള്ള നിരവധി മറഡോണ ഭ്രാന്തൻമാരും കളി കാണാൻ കൂടെയുണ്ട്. അർജന്റീന ഒരു ഗോളടിച്ചു. മറഡോണയല്ല, മറ്റൊരു താരമാണ് അത് നേടിയത്. കളി കണ്ടിരുന്ന കണ്ണൂരുകാരനായ പവിത്രൻ മറഡോണ ഗോളടിക്കാത്തതിൽ ക്ഷോഭിക്കുകയാണ്. പവിത്രൻ എന്നോടും ക്ഷുഭിതനായി. പവിത്രനെ സമാധാനിപ്പിക്കുന്നതിനായി ടെലിവിഷനിൽ നോക്കി ഞാൻ പറഞ്ഞു, 'മറഡോണേ നിങ്ങൾ മര്യാദയ്ക്ക് ഗോളടിച്ചില്ലെങ്കിൽ പ്രശ്നമാകും". 15 മിനിട്ടിനകം ഗ്രീസിന്റെ പെനാൽട്ടി ഏരിയയിലേക്ക് വന്ന പന്ത് മറഡോണ ചാടി, വയറിൽ തടുത്ത് തുടയിലെടുത്ത്, തിരിഞ്ഞ് ഒരു ഷോട്ട്... ഗോളായി. പവിത്രന് സന്തോഷം. ഞാൻ പറഞ്ഞിട്ട് മറഡോണ ഗോളടിച്ചു എന്നാണ് പവിത്രൻ പറഞ്ഞത്. ലോകത്തെ ലക്ഷക്കണക്കിന് കാണികളുമായി ഇത്തരത്തിൽ മറഡോണയ്ക്ക് വൈകാരികമായൊരു ബന്ധമുണ്ട്.
അടുത്ത കളിയിൽ ഉത്തേജകമരുന്ന് ആരോപണത്തിൽ മറഡോണ പുറത്തായി. ആരോപണം കെട്ടിച്ചമച്ചതാണെന്നും പറയുന്നുണ്ട്. മറഡോണ ഉത്തേജക ഔഷധം ഉപയോഗിച്ചെന്ന് ഞാനിന്നും വിശ്വസിക്കുന്നില്ല. കളിക്കളത്തിന് പുറത്ത് അയാൾ എങ്ങനെയും ആയിരിക്കും. എന്നാൽ മൈതാനത്ത് പാലിക്കേണ്ട മര്യാദകളെപ്പറ്റിയും നിയമങ്ങളെപ്പറ്റിയും നല്ലൊരു കളിക്കാരൻ അറിഞ്ഞിരിക്കും. മറഡോണ ഇനി കളിക്കില്ലെന്ന് വാർത്ത വന്നപ്പോൾ ഞാനും പത്ത് വയസുകാരൻ മകനും ഒരുപോലെ കരഞ്ഞു. 'അവരെന്റെ കാലാണ് മുറിച്ചുകളഞ്ഞത്, അതിലൊരു കവിതയുണ്ട്" - മത്സരങ്ങളിൽ നിന്ന് വിലക്കിയപ്പോൾ മറഡോണ പറഞ്ഞു. പിന്നീട് അർജന്റീനയുടെ കാൽ മറഡോണയായിരുന്നെന്ന് തെളിഞ്ഞു. മറഡോണയില്ലാത്ത അർജന്റീന കാലില്ലാത്ത ഫുട്ബാൾ കളിക്കാരുടെ ടീമായിരുന്നു. അടുത്ത കളിയിൽ അർജന്റീന തോറ്റു.
മറഡോണയിൽ എന്നെ ആകർഷിച്ച മറ്റൊരു കാര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് മേലെയുള്ള അമേരിക്കയുടെ ആധിപത്യത്തെ അദ്ദേഹം എന്നും തുറന്നെതിർത്തു. 2005ൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുത്താൻ 50,000 പേരെ അണിനിരത്തി മറഡോണ ഉച്ചകോടി നടക്കുന്ന ഹോട്ടലിന് മുന്നിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. സ്വതന്ത്രവ്യാപാര കരാർ സ്ഥാപിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കാൽക്കീഴിൽ കൊണ്ടുവരാനുള്ള ബുഷിന്റെ ശ്രമത്തെ പരാജയപ്പെടുത്തിയതിൽ മറഡോണ മുഖ്യപങ്ക് വഹിച്ചു.
വിട മറഡോണ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |