SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

കനത്തനാശം വിതച്ച് 'ഡിറ്റ്‌വാ' ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 200 കടന്നു, ഇന്ത്യയിലും ജാഗ്രത

Increase Font Size Decrease Font Size Print Page
heavy-rain

കൊളംബോ: ശ്രീലങ്കയിൽ 200 പേരുടെ ജീവനെടുത്ത ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കൻ തീരത്തേക്ക് എത്തുന്നതായി വിവരം. ഇന്ന് പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ശ്രീലങ്കയ്ക്കും മുകളിലായാണ് ഡിറ്റ്‌വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ടും, ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ തീരത്ത്‌ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കനത്ത മഴയിൽ വേദാരണ്യത്ത് 9000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങി. തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യൂ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു. കടലൂർ ജില്ലയിൽ 929 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു.

രാജ്യത്തെ തീരദേശ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. ഗതാഗതത്തെയും സാധാരണ ജീവിതത്തെയും തടസപ്പെടുത്തുന്ന തരത്തിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ശ്രീലങ്കയിൽ മഴ കുറയുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു' എന്ന പേരിൽ ദുരിതാശ്വാസ ദൗത്യവും ആരംഭിച്ചു. രക്ഷാദൗത്യത്തിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്. നാവികസേനയുടെ ഐ.എൻ.എസ്. വിക്രാന്ത്, ഐ.എൻ.എസ്. ഉദയഗിരി എന്നിവയിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു.

ദുബായിൽ നിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്ത മുന്നൂറോളം യാത്രക്കാർ കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.ശ്രീലങ്കയില്‍ ഡിറ്റ്‌വാ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700ൽ അധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. 774,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 100,000 പേരെ 798 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, SRILANKA, HEAVYRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY