ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്മയും മകനും നേർക്ക് നേർ പോരാടുന്നത് വാർത്തയായിരുന്നു.
സ്ഥാനാർത്ഥി സാറാമ്മയിൽ പരസ്പരം മത്സരിച്ചത് കമിതാക്കളായ ജോണിക്കുട്ടിയും സാറാമ്മയുമായിരുന്നു.
പ്രേംനസീർ - ഷീല ജോടികളാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നാല്പത്തിയേഴ് വർഷം മുൻപ് റിലീസായ സ്ഥാനാർത്ഥി സാറാമ്മ എന്ന സിനിമയുടെ പ്രമേയം ഇന്നും പ്രസക്തമാണ്.അടൂർ ഭാസി പാടി അഭിനയിച്ച കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്ക് വോട്ടില്ല എന്ന ഗാനം ഈ സിനിമയിലേതായിരുന്നു
സ്ഥനാർത്ഥി സാറാമ്മ ; തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി മലയാളത്തിൽ വന്ന ലക്ഷണമൊത്ത സിനിമകളിലൊന്ന്.
നാല്പത്തിയേഴ് വർഷം മുൻപ് റിലീസായ സ്ഥാനാർത്ഥി സാറാമ്മ രചനയിലെയും ആവിഷ്കാരത്തിലെയും കൈയടക്കം കൊണ്ട് ഇന്നും നിത്യഹരിതമായി നിലനിൽക്കുന്ന സിനിമയാണ്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്മയും മകനും നേർക്ക് നേർ പോരാടുന്നത് വാർത്തയായിരുന്നു.സ്ഥാനാർത്ഥി സാറാമ്മയിൽ പരസ്പരം മത്സരിച്ചത് കമിതാക്കളായ ജോണിക്കുട്ടിയും സാറാമ്മയുമായിരുന്നു.
പ്രേംനസീർ - ഷീല ജോടികളാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണിയുടെ പെങ്ങളെ പാട്ട് പഠിപ്പിക്കാനെത്തിയ സാറാമ്മ ജോണിയുടെ ഹൃദയം കവർന്നത് പെട്ടെന്നായിരുന്നു.പണം മുടക്കും പങ്കപ്പാടുമില്ല, എതിരിടാൻ ആരുമില്ല എന്നൊക്കെ പറഞ്ഞാണ് ജോണിക്കുട്ടിയെ എല്ലാവരും കൂടി തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ചെന്ന ദിവസമാണ് തന്നെ എതിർത്ത് സാറാമ്മയും നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന വിവരം ജോണിക്കുട്ടി അറിഞ്ഞത്.ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വേലൻ സമുദായക്കാരിയായ സാറാമ്മയെ തന്റെ മകൻ പ്രണയിക്കുന്നതറിഞ്ഞ് ജോണിക്കുട്ടിയുടെ അമ്മ മറിയാമ്മ (പങ്കജവല്ലി) വീട്ടിൽ നിന്ന് ആട്ടിയിറക്കി വിട്ടിരുന്നു.
തന്നെ അപമാനിച്ച ജോണിക്കുട്ടിയുടെ കുടുംബത്തോടുള്ള പകയാണ് മകളെ ജോണിക്കുട്ടിയുടെ എതിർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ വേലൻ മത്തായി (നെല്ലിക്കോട് ഭാസ്കരൻ) യെ പ്രേരിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റായിരുന്ന തോന്ന്യേടത്ത് തോമാച്ച (ജി.കെ. പിള്ള) ന്റെ കുടിലതന്ത്രങ്ങൾ വേലൻ മത്തായിയെ ആ തീരുമാനമെടുക്കാൻ നിർബന്ധിതനാക്കിയെന്നതാണ് നേര്.ഒരു രൂപ പോലും തിരഞ്ഞെടുപ്പിന് വേണ്ടി ചെലവഴിക്കില്ലെന്ന് വാശിപിടിച്ചിരുന്ന ജോണിക്കുട്ടിയുടെ അമ്മ മറിയാമ്മയും അച്ഛനും (ശങ്കരാടി)യും അതോടെ വാശിയിലായി. പണം കൊടുത്ത് സാറാമ്മയുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ അവർ ശ്രമിച്ചെങ്കിലും വേലൻ മത്തായി വഴങ്ങിയില്ല.പ്രചരണത്തിനായി കാശ് വാരിക്കോരി ചെലവഴിച്ച ജോണിക്കുട്ടിയുടെ മാതാപിതാക്കൾക്ക് ഒടുവിൽ വീട്ടിലെ എരുമകളെയും പശുക്കളെയും പോലും വിൽക്കേണ്ടിവന്നു.
സാറാമ്മയ്ക്ക് വേണ്ടി പണമൊഴുക്കിയ തോന്ന്യേടന് പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു.
''തിരഞ്ഞെടുപ്പ് വരികയും പോകുകയും ചെയ്യും. പക്ഷേ സ്നേഹബന്ധങ്ങൾ എന്നും നിലനില്ക്കും" അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സമ്മതിച്ച സാറാമ്മ ഒരിക്കൽ ജോണിക്കുട്ടിയോട് പറഞ്ഞു. പക്ഷേ അതൊന്നും ഉൾക്കൊള്ളാനാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ജോണിക്കുട്ടി.
തിരഞ്ഞെടുപ്പിന്റെ നാൾ അടുത്തടുത്ത് വന്നു. കടുവയായിരുന്നു ജോണിക്കുട്ടിയുടെ ചിഹ്നം. സാറാമ്മയുടേത് കുരുവിയും.
തോന്ന്യേടൻ ജോണിക്കുട്ടിയ്ക്കെതിരെ പല തോന്ന്യാസങ്ങളും കുത്സിത നീക്കങ്ങളും നടത്തി. സാറാമ്മ നല്ലവളാണെന്ന് മറിയാമ്മയ്ക്ക് വൈകിയാണെങ്കിലും ബോദ്ധ്യമായി.തിരഞ്ഞെടുപ്പിൽ പതിനൊന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ സാറാമ്മ ജോണിക്കുട്ടിയെ പരാജയപ്പെടുത്തി.
വിജയാഘോഷത്തിന്റെ പേരിൽ വേലൻ മത്തായിയെ മദ്യലഹരിയിലാക്കി തോന്ന്യാടൻ സാറാമ്മയെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു. വേലൻ മത്തായി തോന്ന്യേടനെ വെട്ടിക്കൊന്നു. തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പകയിൽ ജോണിക്കുട്ടിയാണ് തോന്ന്യേടനെ കൊന്നതെന്ന് ആരോപിച്ച് പൊലീസ് ജോണിക്കുട്ടിയെ അറസ്റ്റ് ചെയ്തു.പൊലീസ് സ്റ്റേഷനിലെത്തി കുറ്റമേറ്റ് പറഞ്ഞ വേലൻ മത്തായി ജോണിക്കുട്ടിയെ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയിൽ നിന്ന് രക്ഷിച്ചു.
സാറാമ്മയെ മറിയാമ്മ സ്വന്തം മരുമകളായി സ്വീകരിച്ചു.തിരഞ്ഞെടുപ്പ് വരും പോകും. സ്നേഹബന്ധങ്ങൾ എന്നും നിലനില്ക്കുമെന്ന് സാറാമ്മ പറഞ്ഞത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുകയായിരുന്നു.മുട്ടത്ത് വർക്കിയുടെ പഞ്ചായത്ത് വിളക്ക് എന്ന നോവലാണ് സ്ഥാനാർത്ഥി സാറാമ്മ എന്ന സിനിമയ്ക്ക് ആധാരം. എസ്.എൻ. പുരം സദാനന്ദനാണ് ചിത്രത്തിന് തിരക്കഥാ രൂപമൊരുക്കിയത്. കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും ജീവസ്സുറ്റ രംഗങ്ങളും കൊണ്ട് എസ്.എൽ. പുരം സ്ഥാനാർത്ഥി സാറാമ്മയ്ക്ക് പിന്തുണ നൽകിയപ്പോൾ സംവിധായകൻ കെ.എസ്. സേതുമാധവൻ പിൽക്കാലത്ത് പല മികച്ച സംവിധായകരും പിന്തുടർന്ന അവതരണ ശൈലിയിലൂടെ സാറാമ്മയെ ഗംഭീരമാക്കി.
അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് സ്ഥാനാർത്ഥി സാറാമ്മയുടെ മറ്റൊരു ഹൈലൈറ്റ്. പ്രേംനസീറും, ഷീലയും, ജി.കെ. പിള്ളയും നെല്ലിക്കോട് ഭാസ്കരനും, അടൂർ ഭാസിയും, കുഞ്ഞാണ്ടിയും മുതുകുളം രാഘവൻപിള്ളയും പ്രതാപചന്ദ്രനും പങ്കജവല്ലിയും മീനയും ടി.ആർ. ഓമനയുമൊക്കെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ചു.വയലാർ എഴുതി എൽ.പി.ആർ. വർമ്മ ഈണമിട്ട പാട്ടുകളും സൂപ്പർഹിറ്റുകളായിരുന്നു. അടൂർ ഭാസി പാടി അഭിനയിച്ച കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്ക് വോട്ടില്ല എന്ന ഗാനം പുതിയ കാലത്തും ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നു. ജയ് മാരുതി പിക്ചേഴ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവനാണ് സ്ഥാനാർത്ഥി സാറാമ്മ നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |