കോൺഗ്രസ് സംഘപരിവാറിന് അവസരം ഒരുക്കുന്നു: എളമരം കരിം
കാരാട്ട് ഫൈസൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയല്ല
കോഴിക്കോട് : യു.ഡി.എഫ് - വെൽഫെയർ പാർട്ടി സഹകരണം തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ആയുധമാക്കി സി.പി.എം. ജില്ലയിൽ സജീവമായ യു.ഡി.എഫ് - വെൽഫെയർ പാർട്ടി ബന്ധത്തെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി വാർത്താസമ്മേളനത്തിലൂടെ പരിഹസിച്ചു.
ഇസ്ലാമിക മതരാഷ്ട്ര വാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടിയ കോൺഗ്രസ് സംഘപരിവാറിന് അവസരം ഒരുക്കുകയാണെന്നും കോൺഗ്രസിന് സംഘപരിവാർ ശക്തികളെ എതിർക്കാൻ സാധിക്കില്ലെന്നും എളമരം കരീം പറഞ്ഞു.
ഇസ്ലാമിക മത വിശ്വാസത്തിൽ ഉറച്ചുനിന്ന് മതനിരപേക്ഷമായി പ്രവർത്തിച്ചുവരുന്ന മറ്റു സംഘടനകൾ പോലെയല്ല ജമാഅത്തെ ഇസ്ലാമിയെന്ന് അദ്ദേഹം ആരോപിച്ചു.
തോൽവി ഭയന്നാണ് വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് പരസ്യമായി കൂട്ടുകെട്ടുണ്ടാക്കിയത്. ഈ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിന് സംഘപരിവാരിനെ നേരിടാനാവില്ല. കോൺഗ്രസിന്റെ സമീപനം ആർ.എസ്.എസിന് ഗുണകരമാവുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങൾ പരസ്യമായി പറഞ്ഞിട്ടുണ്ട്. വെൽഫെയർ പാർട്ടിയുമായി കൂട്ടുകെട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളിൽ ചിലരും പറയുന്നുണ്ടെങ്കിലും പരസ്യകൂട്ടുകെട്ടുണ്ടാക്കിയാണ് ജില്ല പഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിലേക്കും നിരവധി പഞ്ചായത്ത് നഗരസഭ വാർഡുകളിലേക്കും മത്സരിക്കുന്നത്. ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടും എൽ.ഡി.എഫ് കഴിഞ്ഞ തവണ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന പ്രചാരണം തെറ്റാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചില വ്യക്തികളെ നോക്കി അവർ ഇങ്ങോട്ട് പിന്തുണ തന്നിട്ടുണ്ടാവും. കൊടുവള്ളി നഗരസഭയിലേക്ക് മത്സരിക്കുന്ന കരാട്ട് ഫൈസലിന് എൽ.ഡി.എഫിന്റെ പിന്തുണയില്ല. ഇവിടെ ഐ.എൻ.എൽ പ്രതിനിധിയായ ഒ.പി. റഷീദാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
ആർ.എം.പി ജില്ലയിൽ ഇല്ലാതാവുകയാണ്. കോൺഗ്രസിലും മുസ്ലിം ലീഗിലും പലയിടത്തും വിമതരുണ്ട്. കഴിഞ്ഞ ഭരണ സമിതികളുടെ മികച്ച പ്രവർത്തനം ഇടതുപക്ഷത്തിന് നേട്ടമാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ല. സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫിനെ വിജയത്തിലെത്തിക്കും. ഇത്തവണ സീറ്റുകളുടെ എണ്ണം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, എ. പ്രദീപ്കുമാർ എം.എൽ.എ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |