കരുനാഗപ്പള്ളി: നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ദേവസ്വം ബോർഡ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി പത്രവിതരണക്കാരന് ദാരുണാന്ത്യം. തൊടിയൂർ വേങ്ങറ കാര്യാടി ജംഗ്ഷന് സമീപം കുന്നുംപുറത്ത് യൂസഫ് കുഞ്ഞാണ് (63) മരിച്ചത്. അഞ്ചുകിലോമീറ്റർ അകലെയുള്ളവേങ്ങറയിൽ നിന്ന് സൈക്കിളിൽ പതിവുപോലെ പത്രക്കെട്ട് എടുക്കാൻ കരുനാഗപ്പള്ളിയിൽ എത്തിയതായിരുന്നു. പാദങ്ങൾ അറ്റ നിലയിൽ ഒന്നര മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന യൂസഫ് കുഞ്ഞിനെ ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് പുറത്തെടുത്തത്.
ലോറി തട്ടി തലയ്ക്ക് പരിക്കേറ്റ ആക്രി വില്പനക്കാരൻ തിരുവനന്തപുരം കാട്ടാക്കട മേച്ചിറ ബിസ്മി മൻസിലിൽ ബാദുഷയെ (57) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാദുഷ റോഡിലൂടെ നടന്നു പോവുകയായിരുന്നു.പരിക്ക് ഗുരുതരമല്ല. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 5.15 ഓടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് കാറുകളുമായി കൊല്ലം പള്ളിമുക്കിലേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറി ദേശീയപാതയിലെ ഡിവൈഡർ തകർത്ത് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദേവസ്വം ബോർഡ് കരുനാഗപ്പള്ളി അസി.എൻജിനീയറുടെ കാര്യാലയവും ഷോപ്പിംഗ് കോംപ്ളക്സും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ വരാന്തയിലിരുന്ന് പത്രക്കെട്ടുകൾ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു ഏജന്റുമാരും വിതരണക്കാരും.
ലോറിയുടെ വരവുകണ്ട് എല്ലാവരും ചിതറിയോടിയെങ്കിലും യൂസഫ് കുഞ്ഞ് സിമന്റ് തട്ടിനും ലോറിക്കും ഇടയിൽ കുടുങ്ങി. ക്രെയിൻ കൊണ്ടുവന്ന് ലോറിയുടെ മുൻവശം ഉയർത്തിയാണ് 6.45 ഓടെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ലീല. മകൾ: പ്രിയ. മരുമകൻ: പരേതനായ ബാബു.
രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ലോറി മാറ്റിയത്. കരുനാഗപ്പള്ളി എ.സി.പി ബി. ഗോപകുമാർ, സർക്കിൾ ഇൻസ്പെക്ടർ മഞ്ജുലാൽ, സബ് ഇൻസ്പെക്ടർ ജയശങ്കർ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ടി. സുരേഷ് എ.എസ്.ടി.ഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |