കൊച്ചി: പിടയ്ക്കുന്ന മീൻപിടിച്ച് വീട്ടിൽ കൊണ്ടുപോവയി കറിവയ്ക്കണോ? എന്നാൽ ഹൈക്കോടതിയ്ക്ക് സമീപത്തുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ നടത്തുന്ന (സി.എം.എഫ്.ആർ.ഐ) ലൈവ് ഫിഷ് കൗണ്ടറിലേക്ക് പോരൂ. ന്യായമായ വിലയ്ക്ക് നല്ല പുഴമീൻവാങ്ങാം. നഗരത്തിലെ മീൻകൊതിയന്മാരെ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുകൃഷിയിൽ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, തിലാപ്പിയ എന്നിവയാണ് ഇവിടെ വില്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്.
സി.എം.എഫ്.ആർ.ഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രം (അറ്റിക്), എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സാങ്കേതിക സഹായത്തോടെ കൂടുമത്സ്യ കൃഷി നടത്തുന്ന കർഷകരാണ് 'ലൈവ് ഫിഷ് കൗണ്ടർ' സംവിധാനത്തിലൂടെ മത്സ്യവില്പന നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മത്സ്യവിപണനത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ആവശ്യക്കാരിലേക്ക് മത്സ്യമെത്തിക്കാൻ ഇത്കർഷകരെ സഹായിക്കും.
കൃഷിയുടെ ഉത്പദാന ചിലവിന്റെ 30 ശതമാനം വരെ ഇടനിലക്കാർ മുഖേന കർഷകർക്ക് നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൃഷിയിടങ്ങളിൽ നിന്ന് വിളവെടുക്കുന്ന മത്സ്യങ്ങൾ ഉടനെ തന്നെ വിറ്റഴിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, മതിയായ സജ്ജീകരണങ്ങളോടെ കൃഷിചെയ്ത മത്സ്യം ജീവനോടെ ലഭ്യമാക്കുന്നത് വിപണനരീതിയെ വൈവിധ്യമാക്കും. അറ്റിക്, കെ.വി.കെ എന്നിവയുടെ മേൽനോട്ടത്തിലാണ് ലൈവ് ഫിഷ് കൗണ്ടർ പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് സമയം.
കർഷകരിൽ നിന്ന് നേരിട്ട്
ഫാം ഷോപ്പിയിലേക്ക്
കർഷകരുടെ മാത്രം ഉത്പന്നങ്ങൾ വില്ക്കുന്ന ഫാം ഷോപ്പിയും കർഷകർക്കാവശ്യമുള്ള ഉത്പന്നങ്ങൾ വില്ക്കുന്ന ഫാം സ്റ്റോറും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കർഷകരിൽ നിന്നും ശേഖരിച്ച് ശീതീകരിച്ച ചക്കപ്പഴം, പച്ചച്ചക്ക, ചക്കക്കുരു എന്നിവ വർഷം മുഴുവൻ ലഭ്യമാണ്. അരിഞ്ഞു പാക്കറ്റിലാക്കിയ പച്ചക്കറികൾ, പഴങ്ങൾ, വീട്ടുവളപ്പുകളിൽ ഉത്പാദിപ്പിക്കുന്ന കോഴി,കാട,താറാവ് മുട്ടകൾ, പാൽ, നെയ്യ്, കർഷകർ നേരിട്ടെത്തിക്കുന്ന മറയൂർ ശർക്കര, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയെല്ലാം ഫാം ഷോപ്പിയിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |