കാസർകോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. കൊലക്കേസ് പ്രതിയായ കാസർകോട് തളങ്കരയിലെ അബ്ദുൽ ആരിഫ് എന്ന അച്ചു (33) വിനെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം അടുക്കം ബൈദലയിലെ ബാത്തിഷ, ഉപ്പളയിലെ സഫാദത്ത് എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. വെടിവെപ്പ് കേസിൽ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആരിഫ് ഉപ്പളയിലെത്തിയതായുള്ള രഹസ്യ വിവരത്തെ തുടർന്നെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്നുവർഷം മുമ്പ് പെർമുദെ മണ്ടെകാപ്പിലെ വ്യാപാരി രാമകൃഷ്ണനെ പട്ടാപ്പകൽ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ആരിഫെന്ന് പൊലീസ് പറഞ്ഞു. കാസർകോട്, മഞ്ചേശ്വരം, കുമ്പള എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതികൂടിയാണ് ആരിഫ്.
കഴിഞ്ഞ 31ന് രാവിലെ അടുക്കം ബൈദലയിലെ ഷേക്കാലിയുടെ വീട്ടിൽ മകനെ തേടിയെത്തിയ ആരിഫും സംഘവും വീട്ടുമുറ്റത്ത് നിർത്തിയിട്ട ആൾട്ടോ 800 കാറിന്റെ ഗ്ലാസിലേക്ക് വെടിവെക്കുകയും കാർ തകർക്കുകയുമായിരുന്നു. പിന്നീട് കൊലവിളി നടത്തിയാണ് മടങ്ങിയത്. അതിനിടെ പൊലീസിൽ പരാതി നൽകാൻ ഷേക്കാലിയും ഭാര്യയും മറ്റൊരു കാറിൽ പോകുന്നതിനിടെ ഇതേസംഘം വഴിയിൽ വെച്ച് ഇവരുടെ കാറിടിച്ച് തകർക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് ബന്തിയോട് അടുക്കയിൽ വെച്ച് ഒരുസംഘത്തിന് നേരെ വാൾ വീശിയതിനും ആരിഫിനെതിരെ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |