തിരുവനന്തപുരം: സർക്കാരിന് കീഴിലെ വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ സർക്കാരിന്റെ തന്നെ വിജിലൻസ് നടത്തിയ അപ്രതീക്ഷിത പരിശോധന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ സർക്കാരിനെ വെട്ടിലാക്കി.
സർക്കാരിനെ വരിഞ്ഞുമുറുക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണ നീക്കങ്ങൾക്കിടെയുണ്ടായ അമ്പരപ്പിച്ച നീക്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് അപ്രീതി പരസ്യമാക്കി. മുഖ്യമന്ത്രിയുടെ കീഴിലെ വിജിലൻസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കത്തെ മുഖ്യമന്ത്രി -ധനമന്ത്രി പോരെന്ന നിലയിലേക്ക് വ്യാഖ്യാനിക്കാനും സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് പ്രചരിപ്പിക്കാനും പ്രതിപക്ഷം ആയുധമാക്കി. ഈ പ്രചാരണം സൃഷ്ടിക്കാനിടയുള്ള അപകടം തിരിച്ചറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് ഉടനിടപെട്ട് വിജിലൻസ് നീക്കത്തിന് തടയിട്ടു. എങ്കിലും വരും ദിവസങ്ങളിൽ പ്രതിപക്ഷം ഇത് സൃഷ്ടിച്ച പുകമറയെ മുതലെടുക്കാനുറച്ച് നീങ്ങുകയാണ്.
കണ്ടെത്തിയ ക്രമക്കേടുകൾ പുനപരിശോധിക്കാൻ വിജിലൻസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതോടെ റെയ്ഡുകൾ അവസാനിപ്പിക്കുകയായിരുന്നു.
വി.എസ് -പിണറായി പോര് നിലനിന്ന കാലത്തിന് ശേഷം വിഭാഗീയതയില്ലെന്ന് പ്രഖ്യാപിച്ച് നീങ്ങുന്ന സി.പി.എമ്മിൽ അസ്വസ്ഥതയുളവാക്കുന്ന ചലനങ്ങൾക്കാണ് ഇന്നലെ വിജിലൻസ് വഴിയൊരുക്കിയത്. കെ.എസ്.എഫ്.ഇ ശാഖകളിൽ സംസ്ഥാനവ്യാപകമായി ആസൂത്രിതമായാണ് വിജിലൻസ് റെയ്ഡ് സംഘടിപ്പിച്ചത്. കെ.എസ്.എഫ്.ഇയിലെ ഫണ്ട് നിക്ഷേപത്തെ സംശയനിഴലിലാണെന്ന് വരുത്താനുള്ള ബോധപൂർവ്വ നീക്കവും വിജിലൻസ് നടത്തിയെന്ന് ധനമന്ത്രി കരുതുന്നു.
വിജിലൻസിന്റേത് മുഖ്യമന്ത്രി അറിയാതെ നടന്ന നീക്കമാണെന്നും പ്രചാരണമുണ്ട്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ്‌സെക്രട്ടറി ടി.കെ. ജോസ് ആണെങ്കിലും അദ്ദേഹത്തിന് കീഴിൽ വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി ജൂനിയറായ സഞ്ജയ് കൗളിനെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹമറിഞ്ഞ് നടന്ന റെയ്ഡാണെന്നാണ് പറയുന്നത്. സമീപകാലത്തായി പ്രതിപക്ഷനേതാക്കൾക്കെതിരെ അടക്കമുള്ള വിജിലൻസ് കേസുകൾ മുറുക്കുന്നതും ഇദ്ദേഹത്തിന്റെ മുൻകൈയിലാണ്. വിജിലൻസിന്റെ പരിശോധനയും ഐസകിന്റെ പരസ്യപ്രതിഷേധവുമെല്ലാം പ്രതിപക്ഷത്തിന് വെറുതെ ആയുധമിട്ട് കൊടുക്കലായെന്ന വികാരവും പാർട്ടികേന്ദ്രങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |