നിയാമി: ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്ഥാന് തിരിച്ചടി. ജമ്മു കാശ്മീർ വിഷയം പ്രത്യേകം ചർച്ചയ്ക്ക് എടുക്കണമെന്ന പാകിസ്ഥാൻ ആവശ്യം അംഗീകരിക്കാൻ അംഗരാജ്യങ്ങൾ തയ്യാറായില്ല.. വിഷയത്തിൽ പ്രത്യേക അനുബന്ധ യോഗം നടത്താനുള്ള പാക് നീക്കവും പരാജയപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ പൊതുപ്രസ്താവനയിൽ കാശ്മീർ വിഷയം സംബന്ധിച്ച് പരാമർശം ഉണ്ടെന്ന് അവകാശപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ ഓഫീസ് പ്രത്യേകത പ്രസ്താവന ഇറക്കിയിരുന്നു. പ്രസ്താവനയ്ക്ക് മുൻപ് തന്നെ ഇത് സംബന്ധിച്ച് പാക് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാൻറെ വലിയ വിജയം എന്ന രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ ഇതിനോട് പ്രതികരിച്ച ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ പൊതുപ്രസ്താവനയിൽ ആഗോള വിഷയങ്ങൾ സംബന്ധിച്ച് പരാമർശം വരുന്നത് സ്വഭാവികമാണ് എന്നാണ് പ്രതികരിച്ചത്. അതേ സമയം ഈ വിഷയം പ്രത്യേകമായി പരിഗണിക്കണം എന്നതായിരുന്നു പാക് ആവശ്യം, അത് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ സമ്മതിച്ചില്ല എന്നത് പാകിസ്ഥാന് വലിയ വിജയം അവകാശപ്പെടാൻ സാധിക്കാത്തതാണെന്നാണ് ഇന്ത്യയുടെ വിശദീകരണം.. നേരത്തെ യോഗത്തിൽ പങ്കെടുക്കുന്ന പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷമുള്ള കാര്യങ്ങൾ ഒ.ഐ.സി പ്രത്യേകം ചർച്ച ചെയ്യണം എന്ന ആവശ്യം വച്ചെങ്കിലും, അത് ആഭ്യന്തര കാര്യമാണ് എന്ന പറഞ്ഞ് യോഗം വിസമ്മതിച്ചു.
ഇതോടെ അസാധാരണമായ നടപടിയിലൂടെ യോഗത്തിന് എത്തിയ മറ്റു ഒഐസി അംഗങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ പങ്കെടുപ്പിച്ച് ഉച്ചകോടിക്ക് സമാന്തരമായി ഒരു യോഗം നടത്താൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ശ്രമം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് ഇത്തരം ഒരു അനൗദ്യോഗിക യോഗം നടത്താനുള്ള ശ്രമം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
എന്നാൽ പാകിസ്ഥാന്റെ ശ്രമത്തിനെതിരെ ശക്തമായ നിലപാടാണ് സൗദി അറേബ്യ അടക്കമുള്ള ഒഐസിയിലെ പ്രമുഖ അംഗങ്ങൾ എടുത്തത്. ഒപ്പം ആതിഥേയരായ നൈജറും മുഖം കറുപ്പിച്ചതോടെ സമാന്തര യോഗം എന്ന പാക് ശ്രമം പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |