തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് നടന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശിയുടെ അറിവോടെയെന്ന് വിവരം. ‘ഓപ്പറേഷൻ ബചത്’ എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലൻസ് നേരത്തേ പൊലീസ് ഉപദേഷ്‌ടാവിനെ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്‌ടാവായി ചുമതലയേൽക്കുന്നതിന് മുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്‌ടാവായിരുന്നു ഇദ്ദേഹം. ഇപ്പോഴും ഇതേ പദവിയിൽ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലൻസ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്‌ടാവിനെപ്പറ്റി സി പി എമ്മിനുളളിലും ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. പാർട്ടി അംഗങ്ങളായ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തി കേസെടുത്തത് ഇതേ പൊലീസ് ഉപദേഷ്‌ടാവിന്റെ അറിവോടെയായിരുന്നു. ഇക്കാര്യത്തിൽ സി പി എമ്മിൽ കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും അത് പരസ്യമാകാതിരുന്നത് പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ്.
മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പൊലീസ് നിയമഭേദഗതിയുടെ കരട് തയ്യാറാക്കിയത് പൊലീസ് ഉപദേഷ്‌ടാവിന്റെ മേൽനോട്ടത്തിലാണ്. അതും സർക്കാരിനും പാർട്ടിക്കും പഴികേൾപ്പിച്ചു. അതിനുശേഷമാണ് വിവാദമായ കെ എസ് എഫ് ഇ റെയ്‌ഡ് നടന്നിരിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും റെയ്‌ഡ് വിവരം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിർത്തിവയ്‌ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |