ന്യൂഡൽഹി : ഇന്ത്യയുമായുള്ള ബന്ധത്തിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാൻ താത്പര്യം കാട്ടുകയാണ് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ലയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യയുമായുള്ള ട്രാവൽ എയർ ബബിൾ, പഞ്ചേശ്വർ മൾട്ടി മോഡൽ പ്രോജക്ട് എന്നിവയിലടക്കം നേപ്പാൾ ക്രിയാത്മ വീഷണം പുലർത്തിയേക്കുമെന്നാണ് വിവരം.
നവംബർ 26ന് ഒലിയുമായി ശ്രിംഗ്‌ല 50 മിനിറ്റ് ദൈർഘ്യമുള്ള ചർച്ചയാണ് നടത്തിയത്. ലിപു ലേഖ് അതിർത്തിയെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം കണ്ട്, ബന്ധം പുഃനസ്ഥാപിക്കുന്ന കാര്യത്തിനാണ് ഇരുവരും ചർച്ചയിൽ മുൻഗണന നൽകിയത്.
ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള ആദ്യപടിയായി ഇരു രാജ്യങ്ങൾക്കും ട്രാവൽ എയർ ബബിൾ സ്ഥാപിക്കാനും പഞ്ചേശ്വർ മൾട്ടി മോഡൽ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു. നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം നേപ്പാൾ അവകാശവാദം ഉന്നയിക്കുന്ന ലിപു ലേഖ് മേഖലയിലേക്ക് 80 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി റോഡ് ഇന്ത്യ തുറന്നതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രദേശങ്ങളായ കലാപാനി, ലിപു ലേഖ്, ലിംപിയാദുര എന്നിവ തങ്ങളുടെ ഭാഗങ്ങളാണെന്ന് കാട്ടിക്കൊണ്ട് പുതിയ ഭൂപടം നേപ്പാൾ പുറത്തിറക്കി.
ഇന്ത്യ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാലും, പഴയ സ്ഥിതി മടക്കിക്കൊണ്ടു വരാൻ ഇരുരാജ്യങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രമം നടത്തുന്നുണ്ട്. ഇന്ത്യ കൈയ്യൊഴിയുന്നതോടെ നേപ്പാളിനെ ചൈനയുടെ കൈക്കടത്തലുകളുടേ കേന്ദ്രമാക്കി മാറ്റാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതിർത്തിയിലെ പ്രതിസന്ധികൾക്കിടയിൽ നേപ്പാളിൽ ആധിപത്യം ഉറപ്പിക്കാൻ തക്കംപാർത്തിരിക്കുകയാണ് ചൈന.
നേപ്പാളിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (എൻ.സി.പി) നേതാക്കളായ കെ.പി. ശർമ്മ ഒലിയും പ്രചണ്ഡയും തമ്മിലുള്ള പോരാട്ടവും ഭരണകക്ഷിയെ അനിശ്ചിതത്വത്തിലേക്ക് നയിച്ചതിനോടൊപ്പം നേപ്പാളിൽ അനാവശ്യ കൈകടത്തൽ നടത്താൻ ചൈനയ്ക്ക് അവസരം നൽകുകയും ചെയ്തിരുന്നു.
നേപ്പാളിലെ രാഷ്ട്രീയ പാർട്ടികൾക്കിടെയിൽ നടക്കുന്ന പ്രശ്നങ്ങളിൽ ചൈന അനാവശ്യമായി ഇടപെടുന്നതിനെതിരെ അടുത്തിടെ പ്രധാനമന്ത്രി ഒലി തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ഭിന്നതയുണ്ടാക്കി ഇന്ത്യയുമായി നല്ല ബന്ധം പുഃനസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഒലിയെ പുറത്താക്കുക എന്നതാണ് ചൈനയുടെ മറ്റൊരു ലക്ഷ്യം. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ചൈനീസ് അംബാസിഡറിന് സ്വാതന്ത്യം അനുവദിക്കില്ലെന്ന് നേപ്പാൾ അടുത്തിടെ തീരുമാനിച്ചിരുന്നു.
നേപ്പാൾ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരിപാടികളിൽ പോലും ചൈന ഇടപ്പെട്ടിരുന്നു. ഇതിനാണ് നേപ്പാൾ തടയിട്ടത്. ഇന്ത്യയുമായി ഭിന്നതയുണ്ടാക്കി നേപ്പാൾ ഗ്രാമങ്ങൾ കൈയ്യടക്കാനാണ് ചൈന ശ്രമിച്ചത്. ഇതിനെതിരെ നേപ്പാളിൽ ഉയർന്ന കടുത്ത എതിർപ്പിനെ തുടർന്നാണ് ചൈനീസ് ഇടപെടലുകൾക്ക് സർക്കാർ തടയിട്ടത്. നേപ്പാളിന്റെ ഈ തീരുമാനം ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും, നേപ്പാളിലെ കരുവാക്കാനുള്ള പുതിയ തന്ത്രങ്ങൾ ആലോചിക്കുകയാണ് ചൈനീസ് ഭരണകൂടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |