ആലപ്പുഴ: കതിർ മണ്ഡപം കണ്ടുമാത്രം പരിചയമുള്ള സ്ഥാനാർത്ഥികളെക്കൊണ്ട് സമ്പുഷ്ടമാണ് തദ്ദേശ തിരഞ്ഞെടുപ്പ്! കല്യാണം കഴിച്ചിട്ടില്ലാത്ത ചെറുപ്പക്കാർക്ക് അവസരം നൽകുന്നതിൽ ഇത്തവണ മുന്നണികൾ തമ്മിൽ മത്സരമായിരുന്നെന്ന് തോന്നിപ്പോകും. വിദ്യാർത്ഥി സംഘടനകളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുപ്പ് കളരിയിലേക്ക് ഇറങ്ങിയവരാണ് ഇതിൽ ഭൂരിഭാഗം പേരും. 'ക്രോണിക് ബാച്ചിലേഴ്സു'മുണ്ട്. വിജയമുറപ്പിച്ചുള്ള പ്രചാരണത്തിലാണ് എല്ലാവരും. ജനസേവനത്തിനിടെ വിവാഹക്കാര്യം തത്കാലം അജണ്ടയിലില്ലെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. ആദ്യം നാടിനെ സേവിക്കണം, വിദ്യാഭ്യാസം പൂർത്തിയാക്കണം. വിവാഹക്കാര്യമൊക്കെ പിന്നീട്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബാച്ചിലേഴ്സിൽ ചിലർ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.
കുമാരിയാണ്, ഇന്നും
നഗരസഭ എ.എൻ പുരം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പേരിനൊപ്പം അന്നും ഇന്നും കുമാരിയുണ്ട്. 1995ൽ നേരിട്ട ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇന്നു വരെയും എ.എൻ പുരം കണ്ണമംഗലം കിളിക്കൂട് വീട്ടിലെ ബേബി അറിയപ്പെടുന്നത് കുമാരി ആർ.ബേബി എന്നാണ്. പേരിൽ മാത്രമാണ് ബേബി. കണ്ണമംഗലം വീട്ടിലെ മൂത്ത മകളാണ്. എസ്.ഡി കോളേജിലെ കെ.എസ്.യു പ്രവർത്തനത്തിനിപ്പുറം, ആധാരം എഴുത്ത് തൊഴിലുമായി മുന്നേറുന്നതിനിടെ 27-ാം വയസിലാണ് ആദ്യ മത്സരം നേരിടുന്നത്. അന്ന് മുതൽ രണ്ട് ടേം തുടർച്ചയായി കൗൺസിലറായി. വിവാഹത്തിന് സാദ്ധ്യത കൽപ്പിച്ചിരുന്ന ആ പത്ത് വർഷങ്ങൾ നാടിനും നാട്ടാർക്കും വേണ്ടി മാറ്റിവച്ചതാടെ വിവാഹക്കാര്യം അജണ്ടയിൽ നിന്ന് പുറത്തായി. വീട്ടിൽ നിന്നുള്ള സമ്മർദ്ദങ്ങളെ തരണം ചെയ്ത് പൊതു പ്രവർത്തനവും തൊഴിലുമായി മുന്നോട്ട് പോയി. ഇളയ സഹോദരിമാരുടെ വിവാഹമടക്കം എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തി. ജീവിതം നാടിനു വേണ്ടി സമർപ്പിക്കാൻ തന്നെയാണ് തീരുമാനം. ഈ 54-ാം വയസിൽ ഇനിയൊരു വിവാഹം എന്തായാലും സ്വപ്നത്തിൽപ്പോലുമില്ലെന്ന് കുമാരി ആർ.ബേബി പറയുന്നു.
ഒത്തുവന്നാൽ കെട്ടുറപ്പ്!
കല്യാണാലോചനകൾക്ക് തത്കാലം ബ്രേക്കിട്ടാണ് ആലപ്പുഴ നഗരസഭ കൊറ്റംകുളങ്ങര വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി മനു ഉപേന്ദ്രൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മനുവിന് വേണ്ടി വീട്ടുകാർ വിവാഹ ആലോചനകൾ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ഒല്ലുമങ്ങോട്ട് ഒത്തുവന്നില്ല. രാഷ്ട്രീയ പ്രവർത്തനവും പൊതുജനസേവനവുമാണ് നിലവിൽ മനസിലുള്ളത്. വിവാഹ ആലോചനകൾ അതിന്റെ മുറയ്ക്ക് നടക്കട്ടെ. 38-ാമത്തെ വയസിൽ മംഗല്യ യോഗമുണ്ടെങ്കിൽ വൈകാതെ തന്റെയും 'നമ്പർ' എത്തുമെന്നാണ് മനുവിന്റെ പ്രതീക്ഷ. തന്നെ മനസിലാക്കുന്ന ഒരു ജീവിതപങ്കാളി എന്നതിനപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. പൊതുജന സേവനത്തിന് ലഭിച്ച അവസരം പൂർണ്ണമായും വിനിയോഗിക്കുമെന്ന് മനു വ്യക്തമാക്കുന്നു.
'കോടതി' കയറുക ലക്ഷ്യം
ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ സി.പി.ഐ സ്ഥാനാർത്ഥിയാണ് 22 കാരിയായ പി. അഞ്ജു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ അഞ്ജുവിന് സാമൂഹികസേവനവും പഠനവുമാണ് മുഖ്യം. ബി എ എക്കണോമിക്സ് പൂർത്തിയാക്കി. എൽ.എൽ.ബിയാണ് ലക്ഷ്യം. അതിനിടെയാണ് സ്ഥാനാർത്ഥിയാവാനുള്ള അവസരം തേടിയെത്തിയത്. വിവാഹാലോചനകൾ ആരംഭിച്ചിട്ടില്ലെന്നുമാത്രമല്ല, തത്കാലം ജനസേവനത്തിന് ശേഷം മതി കല്യാണം എന്നാണ് തീരുമാനം.
ഒത്തുവരട്ടെ, കെട്ടാം
നഗരസഭ സനാതനപുരം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി എസ്.ശ്രീക്കുട്ടിയുടെ വീട്ടിൽ അടുത്തവർഷം കല്യാണപ്പന്തലുയരും. ശ്രീലക്ഷ്മിയാണ് വധു, ശ്രീക്കുട്ടിയുടെ ഇരട്ട സഹാദരി. മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ശ്രീലക്ഷ്മി ചേച്ചിയായത്. അത് നന്നായെന്ന് ശ്രീക്കുട്ടി പറയുന്നു. ഉടൻ കല്യാണം കഴിക്കാനുള്ള ഉദ്ദേശമില്ല. യാദ്യശ്ചികമായാണ് സ്ഥാനാർത്ഥിത്വം തേടിവന്നതെങ്കിലും, അവസരം സമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗിക്കാനാണ് തീരുമാനം. നാട്ടിൽ ഒട്ടേറെ വികസനങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. മൂത്ത സഹോദരൻ രാഹുലിനും വിവാഹപ്രായമാകുന്നതേയുള്ളു. കല്യാണം പിന്നെയുമാകാം. ഇപ്പോൾ ലഭിച്ച അവസരം മികച്ച രീതിയിൽ വിനിയോഗിക്കാനാണ് 24 വയസുകാരി ശ്രീക്കുട്ടി തീരുമാനിച്ചിരിക്കുന്നത്.
ജനസേവനം മുഖ്യം
യുവമോർച്ച ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് വിശ്വ വിജയ് പാലിന്റെ ചിന്തകളിലെങ്ങും നിലവിൽ വിവാഹമില്ല. പൊതുജനസേവനത്തിലാണ് ഇപ്പോൾ ശ്രദ്ധയെല്ലാം. ആലപ്പുഴ നഗരസഭയിലെ സീ വ്യൂ വാർഡിലാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി കന്നിപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ട്. ജോലിയും പൊതുപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകണം. 28 വയസുണ്ട്. ചെറുപ്പത്തിന്റെ ഊർജത്തോടെ ഓടിനടന്ന് അർഹരിൽ സഹായങ്ങളെത്തിക്കാനാണ് ഇഷ്ടം. വിവാഹത്തിന് ഇനിയും ധാരാളം സമയമുണ്ടല്ലോ.പതിയെ ആലോചിക്കാമെന്നാണ് വിശ്വ വിജയ് പാലിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |