തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചിന് ലക്ഷങ്ങൾ പങ്കെടുക്കുന്ന വെർച്വൽ റാലി സംഘടിപ്പിക്കുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയും ജനദ്രോഹനടപടികളും വികസന വിരുദ്ധമനോഭാവവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റാലി. ഉച്ചയ്‌ക്ക് 12 മുതൽ ഒരു മണി വരെ നടത്തുന്ന റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എം. ഹസൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.ജെ. ജോസഫ് എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ എന്നിവർ പങ്കെടുക്കും.
ജനകീയസദസ് നാളെ
മുഖ്യമന്ത്രി രാജിവയ്‌ക്കുക, പ്രതിപക്ഷനേതാവിനും പ്രതിപക്ഷ എം.എൽ.എമാർക്കുമെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ വൈകിട്ട് അഞ്ച് മുതൽ ആറ് വരെ പഞ്ചായത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ജനകീയസദസ് സംഘടിപ്പിക്കും. ത്രിതല പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ, കോർപറേഷൻ, മുനിസിപ്പാലിറ്റികളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും ജനകീയ സദസിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |