തിരുവനന്തപുരം: ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ വിജിലൻസിന് അവകാശമുണ്ടെന്ന് കെ.എസ്.എഫ്.ഇയിൽ നടന്ന വിജിലൻസ് പരിശോധനയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടന്നത് റെയ്ഡല്ല, പരിശോധന മാത്രമാണെന്നും പരിശോധന നടത്തി അവർ റിപ്പോർട്ട് സർക്കാരിന് അയച്ചുതരിക മാത്രമേ ചെയ്യുള്ളൂവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ധനമന്ത്രി തോമസ് ഐസക്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ എന്നിവരെ തള്ളുന്നതായി മുഖ്യമന്ത്രിയുടെ പ്രതികരണം.
വിജിലൻസ് റെയ്ഡ് ആരുടെ വട്ടെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ചോദിച്ചത്. വിജിലൻസിന്റെ സാധാരണമായ മിന്നൽ പരിശോധനാ സംവിധാനമനുസരിച്ചുള്ള നടപടി മാത്രമാണതെന്നാണ് ഇതിനു മറുപടിയെന്നവണ്ണം മുഖ്യമന്ത്രി വ്യക്തമാക്കിയത്. 2019ൽ നടന്ന പതിനെട്ടും 2020ൽ നടന്ന കെ.എസ്.എഫ്.ഇയിലേതടക്കം ഏഴും മിന്നൽപരിശോധനകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേടുകളുണ്ടോയെന്ന് കണ്ടെത്താനുള്ളതാണ് വിജിലൻസിന്റെ മിന്നൽ പരിശോധനാ സംവിധാനം. ഡയറക്ടറുടെ അനുമതിയോടെയാണ് നടക്കുന്നത്. മറ്റേതെങ്കിലും അനുമതി വേണ്ടതില്ല. അവർ റിപ്പോർട്ട് വിജിലൻസ് ആസ്ഥാനത്ത് സമർപ്പിക്കും.
കുറ്റക്കാർക്കെതിരെ ഇന്റേണൽ ഓഡിറ്റ്, ഇന്റേണൽ വിജിലൻസ് അന്വേഷണം അല്ലെങ്കിൽ വകുപ്പുതല നടപടി അല്ലെങ്കിൽ വിജിലൻസ് അന്വേഷണം എന്നിവയോ
ശുപാർശചെയ്യും. അല്ലാതെ അവർ നടപടിയെടുക്കുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മിന്നൽ ഇങ്ങനെ
കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥർ തന്നെ ചില പോരായ്മകൾ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന ശങ്ക അവർക്കുണ്ടാകുന്നു. 2020 ഒക്ടോബർ 19ന് വിജിലൻസിന്റെ മലപ്പുറം ഡിവൈ.എസ്.പി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. 27ന് സോഴ്സ് റിപ്പോർട്ട് പരിശോധിച്ച് മിന്നൽ പരിശോധന നല്ലതായിരിക്കുമെന്ന ശുപാർശ കോഴിക്കോട് വടക്കൻ മേഖലാ സൂപ്രണ്ട് വിജിലൻസ് ആസ്ഥാനത്തേക്ക് അയയ്ക്കുന്നു. അവിടത്തെ രഹസ്യാന്വേഷണവിഭാഗം വെരിഫൈ ചെയ്തശേഷം നവംബർ 10ന് വിജിലൻസ് ഡയറക്ടർ തന്നെയാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.
27ന് രാവിലെ 11മുതൽ 40 ശാഖകളിൽ മിന്നൽ പരിശോധന നടത്തി. ഇതിന്റെ റിപ്പോർട്ടുകൾ ആസ്ഥാനത്ത് ലഭ്യമാകുന്ന മുറയ്ക്ക് അത് പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി നടപടിക്കായി സർക്കാരിന് അയച്ചുതരുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |