തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിനെ വിമർശിച്ച് സി.പി.ഐയും. കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളിയായ ധനകാര്യസ്ഥാപനത്തെ സർക്കാരിന്റെ തന്നെ മറ്റൊരേജൻസി സംശയനിഴലിൽ നിറുത്തുന്നത് അസ്വാഭാവികവും അപലപനീയവുമാണെന്ന് പാർട്ടി മുഖപത്രം വിമർശിച്ചു. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരിക്കൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതായി ഇതെന്നും പാർട്ടി കുറ്റപ്പെടുത്തി.സി.എ.ജിയുടെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാസ്ഥാപനമാണ് കെ.എസ്.എഫ്.ഇ എന്നിരിക്ക, റെയ്ഡിനെത്തുടർന്ന് പുറത്തുവന്ന വാർത്തകൾ നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നു.സാമ്പത്തിക കുറ്റവാളികൾക്ക് നേരെയെന്നതു പോലെ ,സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന ധനവകുപ്പിനെ ഇരുട്ടിൽ നിറുത്തി നടത്തിയ റെയ്ഡിന് പിന്നിലെ ചേതോവികാരവും പ്രേരണയും എന്തെന്നറിയാൻ ധനവകുപ്പിനും സർക്കാരിനുമെന്ന പോലെ ,ജനങ്ങൾക്കും അവകാശമുണ്ട്. സംസ്ഥാനത്ത് നടന്നുവരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിന് പിന്നിലും രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോയെന്ന സംശയവും പ്രസക്തമാണ്. ചിട്ടി കമ്പനികൾ സാമ്പത്തികരംഗത്ത് സൃഷ്ടിച്ചിരുന്ന അനിശ്ചിതത്വത്തിന് അറുതിവരുത്തി ഈ രംഗത്ത് സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ കെ.എസ്.എഫ്.ഇക്കായിട്ടുണ്ട്. സ്വകാര്യ ചിട്ടി ബിസിനസ് വൃത്തങ്ങളിൽ അതുണ്ടാക്കുന്ന അസ്വാരസ്യം ഊഹിക്കാവുന്നതേയുള്ളൂ.
കെ.എസ്.എഫ്.ഇയിൽ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ആഭ്യന്തര ഓഡിറ്റ് ആ ദിശയിലുള്ള നടപടിയാണ്. പൊന്മുട്ടയിടുന്ന താറാവിനെ ഏതെങ്കിലും വീഴ്ചകളുടെയോ ക്രമക്കേടിന്റെയോ പേരിൽ കശാപ്പ് ചെയ്യാനനുവദിച്ചുകൂടാ. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് ഇടതുസർക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെങ്കിൽ അതനുവദിക്കാനാവില്ലെന്നും സി.പി.ഐ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |