വാഷിംഗ്ടൺ: വിവാഹദിനം എത്രയും മനോഹരമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തവരുണ്ടാകില്ല. പല പല പദ്ധതികളും ഐഡിയകളും ഒക്കെ ഉരുത്തിരിഞ്ഞുവരും. എന്നാൽ, യു.കെ സ്വദേശിനിയായ ടോണി സ്റ്റാൻഡെൻ എന്ന 29കാരിക്കുണ്ടായ ഐഡിയ ഒരൽപ്പം കടന്നുപോയി.
തന്റെ വിവാഹദിന ചെലവുകൾ കണ്ടെത്താനായി ടോണി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടു. താൻ ഒരു കാൻസർ രോഗിയാണെന്നും രണ്ട് മാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്നും. ഇതുമായി ബന്ധപ്പെട്ട് നിരവധി മാദ്ധ്യമ അഭിമുഖങ്ങളും ടോണി നൽകി. ഇതോടെ പല ഭാഗത്തു നിന്നും സഹായങ്ങൾ പ്രവഹിച്ചു. 11,333 യു.എസ് ഡോളർ ( 8,34,848 ഇന്ത്യൻ രൂപ) ആണ് ടോണിയെ തേടിയെത്തിയത്. അടിപൊളിയായി വിവാഹവും നടത്തി. സുഹൃത്ത് ജെയിംസാണ് ടോണിയെ മിന്നു ചാർത്തി സ്വന്തമാക്കിയത്. വിവാഹത്തിനു തൊട്ടുമുൻപ് പള്ളിക്കു സമീപത്തെ ഹോട്ടലിലെത്തി പണം എണ്ണിത്തിട്ടപ്പെടുത്തിയ ദമ്പതികൾ ഹണിമൂണിനായി ടർക്കി, ജർമനി, ചെക്ക് റിപ്പബ്ളിക്ക്, ആസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളിൽ യാത്രയും ബുക്ക് ചെയ്തു. ടോണിയുടെ മോശം ആരോഗ്യസ്ഥിതിയിൽ ഇത്തരമൊരു യാത്ര അനാവശ്യമെന്ന് പറഞ്ഞ സുഹൃത്തുക്കളെ ഇത് തന്റെ അവസാന ആഗ്രഹമെന്നു പറഞ്ഞാണ് ടോണി മടക്കി അയച്ചത്. ഇതിനു പിന്നാലെയാണ് ടോണിയുടെ തട്ടിപ്പ് പുറത്തായത്. കൊവിഡ് വാക്സിൻ ശരീരത്തിൽ പരീക്ഷിക്കാൻ ടോണി തയാറായി എന്ന വിവരം പുറത്തുവന്നതോടെയാണ് ഇരുവരുടെയും തട്ടിപ്പ് പുറംലോകമറിഞ്ഞത്. നിയമ നടപടികൾക്കു ശേഷം ജയിലാണ് നവ ദമ്പതികളെ കാത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |