തിരുവനന്തപുരം: തെന്നിന്ത്യൻ നടി സിൽക്ക് സ്മിത അഭിനയിക്കാനിരുന്ന താര എന്ന ആക്ഷൻ കഥാപാത്രം വെള്ളിത്തിരയിൽ പുനർജനിക്കുന്നു. 1996 ന്റെ തുടക്കത്തിൽ കിളിമാനൂർ ചന്ദ്രൻ നിർമ്മിച്ച് പ്രശസ്ത എഡിറ്റർ സുരേഷ് സംവിധാനം ചെയ്യാനിരുന്ന ഉദ്ഘാടനം എന്ന ബിഗ് ബഡ്‌ജറ്റ് ആക്ഷൻ ത്രില്ലർ പുറത്തിറക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സിൽക്കിന്റെ ജീവിതത്തെ ആധാരമാക്കി മിലൻ ലുതെരിയ സംവിധാനം ചെയ്ത 'ദി ഡേർട്ടി പിക്ചറിൽ ' അഭിനയിച്ച നടി വിദ്യാബാലൻ തന്നെയായിരിക്കും ഒരു പക്ഷെ ഈ ചിത്രത്തിലെയും നായിക. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കിളിമാനൂർ ചന്ദ്രൻ പറയുന്നു. ഡോ. സി.ജി. രാജേന്ദ്രബാബുവിന്റേതായിരുന്നു തിരക്കഥ. ഇതിൽ ചില പരിഷ്കാരങ്ങൾ വരുത്തി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറക്കുക.പതിനെട്ടടവും പഠിച്ചവളാണ് വശ്യമനോഹരിയായ താര. ഉള്ളിൽ പ്രതികാരത്തിന്റെ അഗ്നി സൂക്ഷിക്കുന്നവൾ. ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നതിന്റെ തലേദിവസമാണ് ദുരൂഹതകൾ ബാക്കി വച്ച് സിൽക്ക് വിട പറഞ്ഞത്. പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മുംബയിലും ചെന്നൈയിലുമായി നിരവധി നടിമാരെ തിരഞ്ഞെങ്കിലും കഥാപാത്രത്തിനോട് നീതി പുലർത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് സിനിമാ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
1996 ഫെബ്രുവരിയിലാണ് സിൽക്കിനോട് സിനിമയുടെ കഥ പറയുന്നത്. സെപ്തംബർ 24ന് ഷൂട്ടിംഗ് തുടങ്ങാൻ തീരുമാനിച്ചു. അതുവരെ ചെയ്ത ടൈപ്പ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷമായതിനാൽ ത്രില്ലിലായിരുന്നു സ്മിത. കഥാപാത്രമായി മാറേണ്ട കോസ്റ്റ്യൂം സെലക്ഷൻ സ്മിതയെ തന്നെ ഏൽപ്പിച്ചു. ഇറ്റാലിയൻ മോഡൽ കോസ്റ്റ്യൂമുകളാണ് അവർ തിരഞ്ഞെടുത്തത്. ത്രില്ലർ ചിത്രത്തിനു വേണ്ടി സ്മിത എ.കെ.47 തോക്കുമായി നിൽക്കുന്ന ഫോട്ടോ എടുത്ത് പോസ്റ്ററാക്കി. സെപ്തംബർ 23ന് ക്ലൈമാക്സ് സീനിന്റെ ചർച്ച നടക്കുന്നതിനിടയിലാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത അറിയുന്നത്.
പ്രതിഫലം 20 ലക്ഷം
എസ്.പി. വെങ്കിടേഷായിരുന്നു സംഗീതം. രണ്ട് പാട്ടുകളുടെ റെക്കാഡിംഗും കഴിഞ്ഞിരുന്നു. അന്ന് താരമൂല്യം ഇല്ലാതിരുന്ന നടൻ വിക്രമിനെയായിരുന്നു മറ്റൊരു പ്രധാനവേഷത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. 20 ലക്ഷമായിരുന്നു സിൽക്കിന് പ്രതിഫലമായി നിശ്ചയിച്ചത്. അന്നത്തെ കൂടിയ പ്രതിഫലമായിരന്നു അതെന്ന് ചന്ദ്രൻ പറയുന്നു.
ചിത്രം സംവിധാനം ചെയ്യാനിരുന്ന സുരേഷ് ഈയിടെയാണ് അന്തരിച്ചത്. സിനിമയിൽ ദീർഘനാൾ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന കിളിമാനൂർ ചന്ദ്രൻ വശ്യം, ഗൃഹപ്രവേശം, സിംഹവാലൻ മേനോൻ എന്നീ സിനിമകളുടെ നിർമ്മാതാവാണ്. സിനിമാ പ്രോജക്ട് നിലച്ചതോടെ ചന്ദ്രൻ വിദേശത്തു പോയി. ഇപ്പോൾ ചെന്നൈയിലാണ് താമസം. ഭാര്യ രാജേശ്വരി. മക്കൾ: അനർഘ, അഭിനയ, അക്ഷയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |