കൊച്ചി: വ്യവസായിയെ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മൈസൂരിൽവച്ച് ഭീഷണിപ്പെടുത്തി പണവുംവാച്ചും കവർച്ചചെയ്ത കേസിലെ ഒന്നാംപ്രതി കോഴിക്കോട് കുറ്റിയാടി കായക്കൊടി മടയനാർ പൊയ്യിൽ അജ്മൽ ഇബ്രാഹിനെ (32) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്‌തു.
എറണാകുളത്ത് വ്യാപാരം നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് 2019 ഫെബ്രുവരിയിൽ തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാനെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. തുടർന്ന് മൈസൂരിലെ അജ്ഞാതസ്ഥലത്തെ വീട്ടിലെത്തിച്ചു. അവിടെ പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു.
പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് മുറിയിൽ കയറ്റിയശേഷം പ്രതികൾ മുറി പുറത്തുനിന്നുപൂട്ടി. ഉടനെ കർണാടക പൊലീസ് എന്നുപറഞ്ഞ് കുറച്ചുപേർ വീട്ടിലെത്തി. ഇവർ മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്‌നഫോട്ടോകൾ എടുത്തശേഷം ഒരുലക്ഷംരൂപയും വിലകൂടിയ വാച്ചും കവർന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളിൽ ഒപ്പിടുവിച്ചശേഷം നാദാപുരത്തെത്തിച്ച് വീണ്ടും രണ്ടുലക്ഷം രൂപ കൈക്കലാക്കി. മയക്കുമരുന്നു കേസിലും ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് വ്യാപാരി പരാതിനൽകിയത്.
കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. തട്ടിപ്പു സംഘാംഗങ്ങൾ തന്നെയായിരുന്നു ബ്രോക്കർമാരായെത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |