കാബൂൾ: തന്റെ സ്വപ്നങ്ങളുടെ ചിറക് അരിയാൻ സൊറായ ഷാഹിദി എന്ന അഫ്ഗാനിസ്ഥാൻ പെൺകുട്ടി ആരെയും അനുവദിച്ചില്ല. ഒരു ടാറ്റൂ വിദഗ്ദ്ധയാകുക എന്നുള്ളതായിരുന്നു സൊറായയുടെ സ്വപ്നം. എന്നാൽ, ലോകത്തെ മറ്റു പലയിടങ്ങളിലും ടാറ്റൂയിംഗ് സാധാരണമാണെങ്കിലും അഫ്ഗാനിസ്ഥാനിൽ അങ്ങനെയായിരുന്നില്ല. ഇസ്ലാമിക വിശ്വാസ പ്രകാരം ടാറ്റൂയിംഗ് വിലക്കപ്പെട്ടതാണെന്നാണ് അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം മതപണ്ഡിതരുടെയും വാദം. എന്നാൽ, വിമർശനങ്ങളെയെല്ലാം കാറ്റിൽപറത്തി സൊറായ ഒരു ടാറ്റൂ കലാകാരിയായി.
രാജ്യത്തിന് പുറത്ത് ടാറ്റൂ വിദഗ്ദ്ധയായി ജോലി ചെയ്യാമായിരുന്നെങ്കിലും അഫ്ഗാനിസ്ഥാനിൽ തന്നെ ടാറ്റൂ കലാകാരിയായി തുടരണമെന്നത് സൊറായയുടെ ആഗ്രഹമായിരുന്നു. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ടാറ്റൂ ചെയ്യാം. ഇസ്ലാമിക വിശ്വാസപ്രകാരം ടാറ്റൂ വിലക്കപ്പെട്ടതല്ലെന്നും സൊറായ പറഞ്ഞു. തുർക്കിയിൽ നിന്നും ഇറാനിൽ നിന്നുമാണ് ടാറ്റൂയിംഗിൽ സൊറായ പരിശീലനം നേടിയത്.
അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ടാറ്റൂ കലാകാരിയാണ് താനെന്ന് സൊറായ പറയുന്നു. എല്ലാ എതിർപ്പുകളെയും മറികടന്നാണ് ഞാൻ ഈ മേഖലയിൽ സജീവമായത്. ടാറ്റൂ ആവശ്യപ്പെട്ട് വരുന്നവരിലും വ്യത്യസ്ത കാഴ്ച്ചപ്പാടുള്ളവർ ഉണ്ട്. ഭൂരിഭാഗം പേർക്കും കൈകളിലും കഴുത്തിലും കാലുകളിലുമൊക്കെയാണ് ടാറ്റൂ ചെയ്യേണ്ടത്. പൂക്കൾ, ചിത്രശലഭങ്ങൾ, തുമ്പി, സ്‌നേഹിക്കുന്നവരുടെ പേരുകൾ തുടങ്ങിയവ ടാറ്റൂ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഭൂരിഭാഗം സ്ത്രീകളും വരുന്നത്. പക്ഷേ ചില ആൺകുട്ടികൾ തിരഞ്ഞെടുക്കുന്ന ടാറ്റൂ അതിരുകടന്നതായി തോന്നാറുണ്ടെന്നും സൊറായ പറയുന്നു. മരണത്തിന്റെ വോളന്റീർ എന്നെഴുതിയ ശവകുടീരം ടാറ്റൂ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് എത്തിയത് ഇന്നും സൊറായക്ക് ഓർമ്മയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |