ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡികളിൽ അതിക്രമങ്ങൾ വർദ്ധിക്കുന്നത് തടയുന്നതിനായി എല്ലാ സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറയും ശബ്‌ദ റെക്കോര്‍ഡിംഗ് സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര ഏജൻസികളായ സി.ബി.ഐ, എന്‍.ഐ.എ, ഇ.ഡി തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമാണ്. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.
എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഇതിന് വേണ്ട സംവിധാനം സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണം.
ചോദ്യംചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍ തുടങ്ങി എല്ലായിടത്തും സി.സി.ടി.വിയും ശബ്ദ റെക്കോര്‍ഡിംഗ് സംവിധാനവും സ്ഥാപിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഭരണഘടനയിലെ 21ാം വകുപ്പ് പ്രകാരം വ്യക്തി സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് കോടതിയുടെ നടപടി.
റെക്കോര്‍ഡ് ചെയ്യുന്ന രേഖകൾ അതാതു ഓഫീസുകളിൽ 18 മാസംവരെ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നര്‍ക്കോട്ടിക് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ക്കും കോടതി ഉത്തരവ് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |