തിരുവനന്തപുരം: അർദ്ധരാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ മെഡിക്കൽ കോളേജ് ഡോക്ടർമാരെ ബൈക്കിൽ പിന്തുടർന്ന് എത്തി ആക്രമിച്ച പ്രതികൾ പിടിയിലായി. കല്ലിയൂർ പോങ്ങുമ്മൂട് പമ്പ് ഹൗസ് സ്വദേശി അമൽ(23), പോങ്ങുമ്മൂട് നീരാഴി ലെയിനിൽ അരുൺ (23), കുരിയാത്തി പുത്തൻകോട്ട സ്വദേശി സനോജ് (23), കല്ലമ്പള്ളി കരിമ്പുക്കോണം സ്വദേശി റഫീഖ് (23) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.ജി ഡോക്ടർമാരായ വിപിൻ, നിധിൻ എന്നിവരെ കഴിഞ്ഞ 30ന് രാത്രി 12ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കൊച്ചുള്ളൂർ ഭാഗത്ത് വച്ച് യുവാക്കളുടെ സംഘം കാർ തടഞ്ഞു നിറുത്തി അക്രമിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും ഉള്ളൂർ ഭാഗത്തേയ്ക്ക് ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ ബൈക്ക് ഓടിച്ചു വന്ന പ്രതികളുടെ പിന്നാലെ കാറിൽ എത്തിയ ഡോക്ടർമാർ ഹോൺ മുഴക്കിയതാണ് പ്രകോപനത്തിനുള്ള കാരണം. കാർ തടഞ്ഞു നിറുത്തിയ പ്രതികൾ ഡോക്ടർമാരെ മർദ്ദിച്ച് പരിക്കേല്പിക്കുകയും കാറിന്റെ താക്കോൽ ഊരി വലിച്ചെറിയുകയും ചെയ്തു. ആളുകൾ കൂടിയതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, ജ്യോതിഷ്, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒ വീനീത്
എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |