കൊളംബോ: കടുത്ത ആശങ്ക ഉയർത്തിയാണ് ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടതെങ്കിലും പ്രതിക്ഷിച്ചതുപോലുളള നാശനഷ്ടങ്ങളൊന്നും രാജ്യത്ത് ഉണ്ടായില്ല. ശ്രീലങ്കയിലെ അമ്പാറ, വാവുനിയ ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്. ഇതനുസരിച്ചുളള മുന്നൊരുക്കങ്ങളും അധികൃതർ നടത്തിയിരുന്നു. എന്നാൽ പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിത്തെ റിപ്പോർട്ടുകൾ. ചിലയിടങ്ങളിൽ വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും മരങ്ങൾ കടപുഴകുകയും ചെയ്തിട്ടുണ്ട്:. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
ഇന്നലെ രാത്രി 10.30നും 11.30നും ഇടിയലാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. നേരത്തേ മുന്നറിപ്പ് ലഭിച്ചിരുന്നതിനാൽ അതിനനുസരിച്ച് ശക്തമായ മുന്നൊരുക്കങ്ങളും അധികൃതർ സ്വീകരിച്ചിരുന്നു. കൊടുക്കാറ്റ് കടന്നുപോകുമെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതിന് സമീപ്രദേശങ്ങളിലുളള സ്ഥലങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. വീടുകളിൽ നിന്നും ആരും പുറത്തിറങ്ങരുതെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന നിർദ്ദേശം നൽകിയിരുന്നു. ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ സൈന്യത്തിനോടും പൊളീസിനോടും ആവശ്യപ്പെട്ടിരുന്നു.
നിലവിൽ, ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം വിട്ടുതുടങ്ങിയെങ്കിലും ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഇന്നും രാജ്യത്തിന്റെ പലഭാഗത്തും കാറ്റും കനത്ത മഴയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്നും പുനാരിൻ മുതൽ പൂത്തളം വരെയുളള തീരപ്രദേശങ്ങളിൽ സമുദ്ര നിരപ്പ് ഒരുമീറ്റർ വരെ ഉയരത്തിലെത്തിയേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കനത്ത മഴതുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെളളം പൊങ്ങാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരളത്തിലെത്തും. കേരളത്തിലും കന്യാകുമാരിയിലും ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |