കോഴിക്കോട്: ദുരന്തമുഖത്തും ഓളപ്പരപ്പിലും മൃതദേഹം കണ്ടാൽ കോഴിക്കോട്ടുകാർ ആദ്യം ഓർക്കുന്ന പേരാണ് അബ്ദുൾ അസീസ്. മൂപ്പരെത്തിയാൽ ചീഞ്ഞതായാലും ചിതറിയതായാലും മോർച്ചറിയിലെത്തിച്ചോളും എന്നുപറയുന്നവരാണ് എറെയും. 'മൃതദേഹങ്ങളുടെ തോഴ'നെന്ന് ആളുകൾ വിളിപ്പേര് നൽകിയ അബ്ദുൾ അസീസ് ഇപ്പോൾ രാവും പകലുമില്ലാതെ ഓട്ടത്തിലാണ്; ചേതനയറ്റവർക്കായല്ല, ചേതനയുള്ളവർക്കായി.
കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് 18ാം വാർഡ് ഒടുമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് മഠത്തിൽ അബ്ദുൾ അസീസ്. മൂന്നാം തവണയാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ആദ്യം ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു. അന്ന് പരാജയപ്പെട്ടെങ്കിലും രണ്ടാംതവണ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ മെമ്പറായി. അതേ വിജയം ആവർത്തിക്കാനാണ് മൂന്നാംവട്ടവും മത്സര രംഗത്തുള്ളത്. വർഷങ്ങളുടെ പഴക്കമുണ്ട് അസീസിന്റെ മൃതദേഹങ്ങളോടുള്ള 'ചങ്ങാത്ത'ത്തിന്. നാട്ടിൽ എവിടെ അജ്ഞാത മൃതദേഹങ്ങൾ കണ്ടാലും ആദ്യം വിളിക്കുക അസീസിനെയാണ്. ബന്ധുക്കൾ പോലും തൊടാൻ മടിക്കുമ്പോൾ അറുപ്പും വെറുപ്പുമില്ലാതെ മൃതദേഹങ്ങൾ വാരിയെടുത്ത് മോർച്ചറികളിൽ എത്തിക്കുന്നത് ഇദ്ദേഹമാണ്. സംസ്‌കരിച്ച മൃതദേഹങ്ങൾ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി കല്ലറ തുറന്നു എടുത്തിട്ടുണ്ടെന്ന് അബ്ദുൾ അസീസ് പറയുന്നു.
കടലുണ്ടി തീവണ്ടി അപകടം, പൂക്കിപ്പറമ്പ് ബസ് അപകടം, കരിഞ്ചോലമല ഉരുൾപൊട്ടലുകൾ, കോഴിക്കോട് മിഠായിത്തെരുവ് തീപിടിത്തം, നിപ്പാ ഭീതി മുതൽ ഓഖി ദുരന്തം വരെ കൂട്ടമരണങ്ങളുടെ നാളുകളിലെല്ലാം മൃതദേഹങ്ങൾക്കൊപ്പം അബ്ദുൽ അസീസ് ഉണ്ടായിരുന്നു കാഴ്ചക്കാരനായല്ല, മൃതദേഹങ്ങളുടെ തോഴനായി. ഓഖിയിൽ കുളച്ചലിൽ നിന്നും തിരുവനന്തപുരത്തുനിന്നും ഒഴുകിപ്പോയ മൃതദേഹങ്ങളെല്ലാം ഏറ്റുവാങ്ങാൻ ബേപ്പൂരിന്റെ തീരത്ത് അസീസുണ്ടായിരുന്നു. ഇക്കാലയളവിൽ 3812 മൃതദേഹങ്ങളാണ് അസീസിന്റെ കൈകളിലൂടെ മോർച്ചറിയിലെത്തിയത്. അതിൽ 1000 മൃതദേഹവും പഞ്ചായത്ത് മെമ്പറായിരിക്കെ. തനിക്ക് കഴിയുന്ന കാലത്തോളം ഈ നിയോഗം തുടരുമെന്നും അദ്ദേഹം പറയുന്നു. ഇതിനകം നിരവധി അവാർഡുകളും അസീസിന്റെ സേവനത്തിനുള്ള അംഗീകാരമായി വന്നിട്ടുണ്ട്. സ്ഥാനാർത്ഥിയായി പ്രചാരണ തിരക്കിലാണെങ്കിലും മൃതദേഹങ്ങൾക്ക് 'തുണ'യായി വിളിപ്പുറത്തുണ്ട് അസീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |