പൊന്നാനി/കുറ്റിപ്പുറം: കാഴ്ചപരിമിതരായവർക്ക് വാർത്തകളറിയാൻ അവസരമൊരുക്കിയ കേരളകൗമുദിക്ക് നന്ദി പറയുകയാണ് യു.ജി.സിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് (ജെ.ആർ.എഫ്) അർഹത നേടിയ പൊന്നാനി നെയ്തല്ലൂരിലെ അന്ധവിദ്യാർത്ഥി ശ്രീരാജ്.
5,26,000 പേർ പരീക്ഷയെഴുതിയതിൽ എസ്.സി വിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലുമായി ജെ.ആർ.എഫ് നേടിയ ഏക മലയാളിയാണ് 26കാരനായ ശ്രീരാജ്.
കാഴ്ചപരിമിതർക്കായി ഓഡിയോ രൂപത്തിൽ വാർത്തകൾ അവതരിപ്പിക്കുന്ന കേരളകൗമുദിയുടെ കാഴ്ച ആപ്പാണ് വാർത്തകളറിയാൻ ശ്രീരാജ് ആശ്രയിക്കുന്നത്. ''വാർത്തകൾ അറിയുന്നതിൽ നിന്ന് എന്നും അകന്നു നിൽക്കേണ്ടി വന്നവരാണ് എന്നെപ്പോലുള്ളവർ. ഞങ്ങളെ ചേർത്തുപിടിച്ച് അതിന് പരിഹാരംകണ്ട കേരളകൗമുദിയോട് കടപ്പാടുണ്ട്. കേരളകൗമുദി ആപ്ലിക്കേഷനിലൂടെ ഓഡിയോ വഴി എന്നും വാർത്തകൾ അറിയാനാകുന്നുണ്ട്''. കേരളകൗമുദി ആപ്പിലൂടെയാണ് ദിവസം ആരംഭിക്കുന്നതെന്നും ശ്രീരാജ് പറഞ്ഞു.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എം.എ മലയാളം രണ്ടാംവർഷ വിദ്യാർത്ഥിയായ ശ്രീരാജിന് അതിന്റെ ഫലംവന്നശേഷം ഗവേഷണം തുടങ്ങാനാവും.
ശ്രീരാജിന് ജന്മനാ 95 ശതമാനം കാഴ്ചശേഷിയില്ല. അമ്മ പത്മിനിയാണ് ശ്രീരാജിന് എല്ലാം. സ്കൂളിലേക്ക് കൊണ്ടുപോയിരുന്നതും തിരിച്ചു കൊണ്ടുവന്നിരുന്നതും അമ്മയാണ്. ഡിഗ്രി പഠനകാലത്തും യാത്രയിൽ ഒപ്പമുണ്ടായിരുന്നത് അമ്മ തന്നെ. യാത്രയ്ക്കിടെ ബസുകാരിൽ നിന്നുണ്ടായ കയ്പേറിയ അനുഭവങ്ങളും ഇനിയും പഠനത്തിനായി അമ്മയെ ബുദ്ധിമുട്ടിക്കേണ്ടെന്ന തീരുമാനവുമാണ് എം.എയ്ക്ക് റഗുലർ കോളേജ് പഠനം വേണ്ടെന്നുവയ്ക്കാൻ കാരണം. പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാനാവുമെന്ന് ഉറച്ചു വിശ്വാസിക്കുന്ന ശ്രീരാജ് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലുമാണ്.
പാട്ടും മിമിക്രിയും
നന്നായി പുല്ലാങ്കുഴൽ വായിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ശ്രീരാജ് മിമിക്രി കലാകാരൻ കൂടിയാണ്. ഹയർ സെക്കൻഡറി പഠനകാലത്ത് സംസ്ഥാന ഭിന്നശേഷി കലോത്സവത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു.
കുടുംബത്തിന് താങ്ങും തണലുമാവണം. അച്ഛൻ ചന്ദ്രന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളതിനാൽ ജോലിക്ക് പോവാനാവില്ല. സാമ്പത്തിക പ്രശ്നങ്ങളാൽ മൂന്നുവർഷമായിട്ടും പണിപൂർത്തിയാവാത്ത വീട്ടിലാണ് താമസം. നിഥിനാണ് സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |