കണ്ണൂർ: തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിക്കാൻ നേതാക്കൾ കൂട്ടത്തോടെ ജില്ലയിലെത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രായമേറിയ നേതാക്കൾ വിട്ടുനിൽക്കുകയാണെങ്കിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിൽ ഇവർ മുൻപന്തിയിലുണ്ട്.
സ്വർണക്കടത്ത്, പാലാരിവട്ടം പാലം, സോളാർ തുടങ്ങി ഒട്ടേറെ ആരോപണപ്രത്യാരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാന നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. മുഖ്യമന്ത്രിയുടെ കണ്ണൂർ സന്ദർശനത്തിന്റെ തീയതി നിശ്ചയിച്ചില്ലെങ്കിലും ഒരു ദിവസത്തെ പ്രചാരണത്തിന് എത്തുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. ജില്ലയിലെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി. ജയരാജൻ നാളെ മുതൽ 11 വരെ വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി കെ.കെ. ശൈലജ എട്ടുമുതൽ പത്തുവരെയായി മൂന്നു ദിവസം തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. എം.വി. ഗോവിന്ദൻ ഏഴു മുതൽ 11 വരെയും പി.കെ. ശ്രീമതി 9,10 തീയതികളിലും പ്രചാരണത്തിനുണ്ടാകും. ഘടകകക്ഷി മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എം.കെ. ശശീന്ദ്രൻ എന്നിവരും നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, പി. സന്തോഷ് കുമാർ എന്നിവരും ഇടതുപ്രചാരണത്തിന് സജീവമായി ഇറങ്ങും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ യു.ഡി.എഫും രംഗത്തിറക്കും. ഇന്ന് ആലക്കോട്, തളിപ്പറമ്പ്, കേളകം ഉൾപ്പെടെ ഒമ്പതിടങ്ങളിൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ജില്ലയിൽ എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീറും വാശിയും കൂടും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ 10 ന് ജില്ലയിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. ശശി തരൂർ എം.പിയും ജില്ലയിലെത്തും. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ, കെ.എൻ.എ. ഖാദർ, സാദിക്കലി ശിഹാബ് തങ്ങൾ എന്നിവരും വിവിധ പരിപാടികളിൽ പങ്കെടുക്കും. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോണും പ്രചാരണത്തിനെത്തുന്നുണ്ട്.
എൻ.ഡി.എയും ഒരുങ്ങിത്തന്നെ
എൻ.ഡി. എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒമ്പതിന് ജില്ലയിലെത്തും. വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. കുമ്മനം രാജശേഖരൻ, പാർട്ടി വക്താവ് സന്ദീപ് വാര്യർ എന്നിവർ 11ന് കണ്ണൂരിലെത്തും. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, എം.ടി. രമേശ്, പ്രകാശ് ബാബു, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ നിവേദിത തുടങ്ങിയവരാണ് അടുത്ത ദിവസങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി കണ്ണൂരിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |