നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മാതാവ് വിജിയുടെ ദാമ്പത്യം തകർത്തത് മൊബൈൽ ഫോൺ.
പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇഷ്ടപ്പെട്ട യുവാവുമൊത്ത് ആറ് കൊല്ലത്തെ ആഹ്ലാദകരമായ ജീവിതത്തിൽ വിജിക്ക് ലഭിച്ചത് കണ്മണികൾ പോലുള്ള രണ്ടു പെൺമക്കളെ. പഞ്ചായത്ത് നൽകിയ മൂന്ന് സെന്റ് നിർമ്മിച്ച കൊച്ചുവീട്ടിൽ സന്തോഷത്തിന്റെ അലതല്ലലായിരുന്നു. നാലുവർഷം മുൻപ് അവരുടെ സ്വർഗത്തിലേക്ക് കടന്നുവന്ന മൊബൈൽ ഫോൺ ജീവിതം പാടേ തകർത്തു. അവിഹിതം മറയ്ക്കാൻ നവജാത ശിശുവിനെ കൊന്ന് വീടിനുപിന്നിൽ കുഴിച്ചു മൂടിയ സംഭവത്തിൽ പൊലീസിന്റെ പിടിയിലായ പനവൂർ മാങ്കുഴിയിൽ വിജിയുടെ (29) ജീവിതകഥ പുതുതലമുറയ്ക്ക് ഒരു പാഠമാണ്.
ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷുമായി വിജി പരിചയപ്പെടുന്നത് നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വച്ചാണ്. ഗവണമെന്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ വിജി, നാട്ടിൽ ജോലിക്ക് വന്നുമടങ്ങുന്ന രാജേഷുമായി അടുപ്പത്തിലായി. വീട്ടുകാർ എതിർത്തപ്പോൾ ഇയാളോടൊപ്പം ഇറങ്ങിപ്പോയി. മൂന്നു വർഷത്തോളം രാജേഷിന്റെ വീട്ടിൽ സന്തോഷകരമായ ജീവിതമായിരുന്നു. അനുജത്തിക്ക് ഓഹരി കൊടുത്തപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട രാജേഷിനെയും കൂട്ടി മാങ്കുഴിയിലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തി. ഇതിന് ശേഷമാണ് ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത്.
പരിധിയില്ലാത്ത മൊബൈൽ ഫോൺ ഉപയോഗവും രാജേഷിനെ ഒഴിവാക്കിയുള്ള യാത്രകളും കുടുംബ ജീവിതം തകിടം മറിച്ചു. താക്കീതുകൊണ്ട് പ്രയോജനമില്ലെന്നു വന്നപ്പോൾ രാജേഷ് നാട്ടിലേക്ക് മടങ്ങി. മകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം രോഗികളായ അച്ഛനമ്മമാരുടെ ചുമലിലായി. അമ്മ ബീന നഗരത്തിലെ ചില വീടുകളിൽ ജോലിക്ക് പോയാണ് വീട്ടുചെലവ് വഹിച്ചിരുന്നത്. അച്ഛൻ മണിയനും കൂലിപ്പണിക്ക് പോകും. അനുജൻ മനു ലോണെടുത്ത് വാങ്ങിയ ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. വിലകൂടിയ ഡിജിറ്റൽ ടി.വിയും മൊബൈലും വീട്ടിലുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വിജിയെ വീട്ടിൽ കാണാറില്ലെന്ന് പരിസരവാസികൾ പൊലീസിൽ മൊഴി കൊടുത്തിട്ടുണ്ട്. രണ്ടു മാസമായി നെടുമങ്ങാട്ടെ സ്വകാര്യ തുണിക്കടയിൽ ജോലിക്ക് പോവുകയായിരുന്നു.
കേസ് അസ്വാഭാവിക മരണത്തിന്
വിജയുടെ വീർത്ത വയറുകണ്ട് അയൽക്കാരായ സ്ത്രീകൾ വിവരം തിരക്കിയപ്പോൾ വയറിൽ മുഴയാണെന്നും ശാസ്ത്രക്രിയ ചെയ്യണമെന്നുമായിരുന്നു മറുപടി. ഞായറാഴ്ച വിജിയെ വീടിനു പുറത്ത് കണ്ടിരുന്നില്ല. മൂത്ത മകൾ വൈഗ അയൽപക്കത്തെ മുതിർന്ന സ്ത്രീകളോട് അമ്മയുടെ മുറിയിലും വസ്ത്രങ്ങളിലും ചോര കണ്ടുവെന്ന് തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. എന്നാൽ വൈകിട്ട് വിജി ഇവരുടെ അടുക്കലെത്തി സാധാരണ പോലെ സംസാരിച്ചു മടങ്ങി. രണ്ടു ദിവസം മുൻപ് വീർത്തിരുന്ന വയർ തിങ്കളാഴ്ച പെടുന്നനെ ചെറുതായത് ഇവരിൽ സംശയമുളവാക്കിയിരുന്നു.
ബുധനാഴ്ച രാത്രി വെമ്പായം സ്വദേശിയായ ഒരു യുവാവ് വിജിയെ തേടി വീടിനു സമീപത്ത് എത്തി. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതേപ്പറ്റി സംസാരിക്കാൻ വ്യാഴാഴ്ച വീട്ടിൽ എത്തിയവരാണ് പിറകുവശത്ത് പപ്പായ മരത്തിന്റെ ചുവട്ടിൽ മണ്ണിൽ പൂഴ്ത്തിയ നിലയിൽ നവജാത ശിശുവിന്റെ ശരീരം കണ്ടെത്തിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി. അസാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്കുമാറും പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |