കാട്ടാക്കട: കുറ്റിച്ചലിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ എരുമക്കുഴി നിവാസികൾ. കുറ്റിച്ചൽ എരുമക്കുഴി താന്നിമൂട് അജിത് ഭവനിൽ പദ്മാക്ഷിയെയാണ് (53) ഭർത്താവ് ഗോപാലകൃഷ്ണൻ (67) ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ക്രൂരമായി കൊലപ്പെടുത്തിയത്. പദ്മാക്ഷി തൊഴിലുറപ്പ് തൊഴിലാളിയും ഗോപാലകൃഷ്‌ണൻ റബർ ടാപ്പിംഗ് തൊഴിലാളിയുമാണ്. രണ്ട് മക്കളുള്ള കുടുംബം ഏറെ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞതാണ്. എല്ലാവരുമായി സല്ല സൗഹൃദത്തിലായിരുന്ന ഗോപാലകൃഷ്‌ണൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി വീട്ടിൽ നിന്നു അധികം പുറത്തിറങ്ങാതെ കഴിയുകയായിരുന്നെന്നും സമീപവാസികൾ പറയുന്നു. ഇന്നലെ മകനും മരുമകളും വീട്ടിൽ നിന്നും പോകുന്നതുവരെയും കുഴപ്പമൊന്നുമില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളുടെ ശബ്ദമായതിനാൽ വീട്ടിൽ നടന്ന ബഹളമൊന്നും സമീപവാസികൾ കേട്ടിരുന്നില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ ഗോപാലകൃഷ്‌ണൻ രക്തം പുരണ്ട വസ്ത്രവുമായി ബൈക്കിൽ പോകുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയംതോന്നിയ അയൽവാസി വിവരം ബന്ധുവീട്ടിൽ പോയിരുന്ന മകനെ അറിയിച്ചു. തുടർന്ന് മകനെത്തി വീട് തുറന്നപ്പോഴാണ് അടുക്കളയിൽ രക്തം വാർന്ന് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. മകന്റെ നിലവിളി കേട്ടാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയ ഗോപാലകൃഷ്ണൻ കാട്ടാക്കട പൊലീസിൽ കീഴടങ്ങുകയായിരുന്നു. മകനും മരുമകളും രാവിലെ മരുമകളുടെ വീട്ടിലേക്ക് പോയശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചതാകാമെന്ന നിഗമനത്തിലാണ് നെയ്യാർഡാം പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |